മോദി പരാമര്‍ശ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി. അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ഇല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു.
കേസില്‍ രാഹുല്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് വിധി. ശിക്ഷ കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അയോഗ്യത തുടരും.
മാര്‍ച്ച് 23ന്, സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വര്‍മ്മയാണ് മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുലിന്‍റെ അഭിഭാഷകന്‍ വിധിക്കെതിരെ സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ തള്ളിയതോടെയാണ് അദ്ദേഹം ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ കേസില്‍ ഇടക്കാല സംരക്ഷണം നിഷേധിച്ച കോടതി അദ്ദേഹത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു.
അതേസമയം, മെയ് രണ്ടിന് അന്തിമ വാദം പൂർത്തിയായി രണ്ട് മാസത്തിന് ശേഷമാണ് കോടതി വിധി പറയുന്ന്. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്‍റെ ബഞ്ചാണ് ഹർജി പരിഗണിച്ചത്. സസ്പെന്‍ഷന്‍ സ്റ്റേ ചെയ്തില്ലെങ്കില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ഉയര്‍ന്ന ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ രാഹുലിന് അവസരമുണ്ട്.
‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന് പൊതുവായി പേര് വന്നത് എങ്ങനെ?’ എന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനാധാരമായത്. പിന്നാലെ ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദി പ്രസ്താവനക്കെതിരെ പരാതി നല്‍കുകയായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ കോലാറില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.