ഖാലിസ്ഥാന്‍ അനുകൂലികള്‍ സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു തീയിട്ട സംഭവത്തെ അപലപിച്ച് യുഎസ് നിയമനിര്‍മ്മാണ വിദഗ്ദര്‍. സംഭവത്തിനു പിന്നിലുള്ളവര്‍ക്കെതിരെ എത്രയുംവേഗം നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരായ ആക്രമണത്തെയും നിയമനിര്‍മ്മാണ വിദഗ്ദര്‍ കുറ്റപ്പെടുത്തി.
“അഭിപ്രായസ്വാതന്ത്ര്യം എന്നത് അക്രമത്തിന് പ്രേരിപ്പിക്കുന്നതിനോ, സ്വത്ത് നശിപ്പിക്കുന്നതിനോ ഉള്ള ലൈസന്‍സല്ല. കോണ്‍സുലേറ്റിനു നേരെയുണ്ടായ ആക്രമണത്തെയും തരണ്‍ജിത് സിംഗ് സന്ധു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്ററുകളെയും ഇന്ത്യാ കോണ്‍ഗ്രസിന്റെ സഹ അധ്യക്ഷന്‍ എന്ന നിലയില്‍ ശക്തമായി അപലപിക്കുന്നു” – കോണ്‍ഗ്രസ് അംഗങ്ങളായ റോ ഖന്നയും മൈക്കല്‍ വാള്‍ട്സും വ്യാഴാഴ്ച പുറത്തിറക്കിയ ഒരു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. നയതന്ത്ര കേന്ദ്രങ്ങള്‍ക്കു നേരെയുള്ള അക്രമം വച്ചുപൊറുപ്പിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഖാലിസ്ഥാന്‍ അനുകൂലികള്‍, ജൂലൈ 2-ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് തീയിടുന്നതായി കാണിച്ചിരുന്നു. കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് (കെടിഎഫ്) തലവന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്താലേഖനങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന, ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളാണ് നിജ്ജാര്‍. കഴിഞ്ഞ മാസം കാനഡയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് ഇയാള്‍ വെടിയേറ്റു മരിച്ചിരുന്നു.