Tuesday, November 26, 2024

‘വാ മൂടിക്കെട്ടിയ പ്രധാനമന്ത്രി’ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ വിവരിച്ച് ‘ബ്രിട്ടീഷ് ഹെറാൾഡ്’ മാഗസിൻ

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിവാദ ഡോക്യൂമെന്‍ററിക്കു പിന്നാലെ ഇന്ത്യയിലെ ജനാധിപത്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുന്ന കവര്‍‌സ്റ്റോറിയുമായി ‘ബ്രിട്ടീഷ് ഹെറാൾഡ്’ മാഗസിൻ. ‘ജനാധിപത്യം ആശങ്കയിൽ: കർശന നിയന്ത്രണങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും ഇന്ത്യയിൽ അപായമണി മുഴക്കുന്നു’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. വാ മൂടിക്കെട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയാണ് മാഗസിന്‍റെ കവര്‍ ചിത്രത്തിനു നല്‍കിയിരിക്കുന്നത്.

‘ഒരു രാജ്യത്തിന്റെ മഹത്വം അളക്കുന്നത് ഏറ്റവും ദുർബലരായ ജനങ്ങളോട് അത് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണ്’ എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് കവർ സ്‌റ്റോറി ആരംഭിക്കുന്നത്. മാഗസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഈ വാക്കുകൾ ചേർത്ത് കവർ ചിത്രം പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങ​ൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള കടുത്ത നിയന്ത്രണങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ കുറിച്ച് ചോദ്യമുയർത്തുന്നുവെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പങ്കുവെച്ച ആശങ്കയും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.

ജനാധിപത്യം വെല്ലുവിളി നേരിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുകയാണ്. മാധ്യമങ്ങളോട് പ്രതികരിക്കാൻ പോലും അദ്ദേഹം തയാറാകുന്നില്ല. അടുത്തിടെ യു.എസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ വാർത്ത സമ്മേളനത്തിലാണ് കഴിഞ്ഞ എട്ട് വർഷത്തിനിടെ ആദ്യമായി മാധ്യമങ്ങളെ കണ്ടതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. കൂടാതെ മണിപ്പൂര്‍ കലാപം, ഗുസ്തി താരങ്ങളുടെ സമരത്തോട് കേന്ദ്ര സർക്കാർ പുലർത്തിയ മൗനം, മാധ്യമസ്വാതന്ത്രം എന്നിവയും ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നുണ്ട്.

Latest News