Tuesday, November 26, 2024

അഭയാർഥികളെ നിയന്ത്രിക്കുന്നതിനായി നിയമം; നെതര്‍ലാന്‍ഡ് സഖ്യസര്‍ക്കാര്‍ വീണു

അഭയാർഥികളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവരാനൊരുങ്ങിയ നെതര്‍ലാന്‍ഡ് സഖ്യസര്‍ക്കാര്‍ വീണു. കുടിയേറ്റനയത്തില്‍ പ്രധാനമന്ത്രി, മാർക്ക് റുട്ടെയുടെ കൺസർവേറ്റീവ് പാർട്ടിയുടെ നിലപാടാണ് രാജിയിലേക്ക് എത്തിച്ചത്. തെരഞ്ഞെടുപ്പിനു ശേഷം പുതിയ സർക്കാർ അധികാരത്തിലെത്തുന്നതുവരെ റൂട്ടെ കാവല്‍പ്രധാനമന്ത്രിയായി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

“കുടിയേറ്റനയത്തിൽ സഖ്യസർക്കാറിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് എല്ലാവർക്കുമറിയാം. നിർഭാഗ്യവശാൽ ഈ അഭിപ്രായഭിന്നതകൾ പരിഹരിക്കാൻ സാധിക്കാതെ വന്നിരിക്കുകയാണ്. അതുകൊണ്ട് മന്ത്രിസഭ രാജിവയ്ക്കുകയാണ്” – പ്രധാനമന്ത്രി മാർക്ക് റുട്ടെ അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും അഭയാർഥികളായ കുട്ടികളെ നെതർലാൻഡില്‍ പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവരുടെ രക്ഷിതാക്കൾക്ക് രാജ്യത്തേക്കു വരാൻ രണ്ടു വർഷം കാത്തിരിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്തതോടെയാണ് ഭരണപക്ഷം തമ്മില്‍ ഉൾപ്പോര് ആരംഭിച്ചത്. ഇതിന് റൂട്ടെ പിന്തുണ ആവശ്യപ്പെടുകയായിരുന്നു.

റുട്ടെയുടെ കൺസർവേറ്റീവ് പാർട്ടി ഉള്‍പ്പടെ നാലു കക്ഷികളുടെ പിന്തുണയോടെയാണ് നെതര്‍ലാന്‍ഡ് സര്‍ക്കാര്‍ ഭരണം നടത്തിയിരുന്നത്. എന്നാല്‍ കുടിയേറ്റനിയമവുമായി ബന്ധപ്പെട്ട് സഖ്യസര്‍ക്കാരില്‍ അഭിപ്രായവ്യത്യാസമുണ്ടാവുകയും ഇതില്‍ രണ്ട് പാർട്ടികള്‍ പിന്തുണ പിന്‍വലിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിസന്ധി ഉണ്ടായത്.

Latest News