Monday, April 21, 2025

പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളില്‍ അടിമുടിമാറ്റം; അക്ഷരമാല ഉള്‍പ്പെടുത്തും; കരിക്കുലം കമ്മറ്റി രൂപീകരിച്ച് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളില്‍ അടിമുടിമാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിനായി പുതിയ കരിക്കുലം കമ്മിറ്റിയും രൂപീകരിച്ചു. മലയാളം അക്ഷരമാല പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയാകും പാഠ്യപദ്ധതി പരിഷ്‌കരിക്കുക.

ലിംഗ നീതി, സമത്വം, ലിംഗ അവബോധം, ഭരണഘടന, കാന്‍സര്‍ പോലുള്ള മഹാരോഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തനങ്ങള്‍, മതനിരപേക്ഷത, സാമൂഹിക പ്രശ്നങ്ങള്‍, കല, സ്പോര്‍ട്സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി കമ്മിറ്റി ചര്‍ച്ച ചെയ്യും. ഇതിനായി അതത് രംഗത്തെ പ്രമുഖരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരിക്കുലം സ്റ്റിയറിങ്, കോര്‍ കമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കരിക്കുലം കോര്‍ കമ്മിറ്റികളുടെയും ചെയര്‍മാന്‍മാരാകും.

അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്നും അക്കാദമിക മികവിന്റെ മറ്റൊരും ശ്രേഷ്ഠ ഘട്ടത്തിന് ഇതിലൂടെ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അറിവിന്റെ ഉറവിടങ്ങളാണ്, അതിനനുസരിച്ച് അധ്യാപകരുടെ നിലവാരം ഉയര്‍ത്താന്‍ പ്രത്യേക പരിശീലനും പരീക്ഷയും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുസമൂഹത്തിന്റെ അഭിപ്രായവും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനങ്ങളിലേക്ക് കടക്കുക. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വേഗം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News