പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പശ്ചിമ ബംഗാളിലുണ്ടായ ആക്രമങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. എട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ, മൂന്ന് സി.പി.എം പ്രവർത്തകർ, ബി.ജെ.പിയുടെയും കോൺഗ്രസിന്‍റെയും ഓരോ പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. അക്രമങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
22 ജില്ലാ പരിഷതുകളിലെ 928 സീറ്റുകളിലേക്കും 9730 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 63239 ഗ്രാമ പഞ്ചായത്ത് സീറ്റുകളിലേക്കുമാണ് ശനിയാഴ്ച രാവിലെ വോട്ടെടുപ്പ് നടന്നത്. പിന്നാലെ നിരവധി അക്രമ സംഭവങ്ങളാണ് സംസ്ഥാനത്തെ വിവിധ മേഖലകളില്‍ അരങ്ങേറിയത്. നിരവധി വാഹനങ്ങൾ കത്തിക്കുകയും ആളുകൾക്ക് പരിക്കേൽക്കുകയും ബൂത്തുകൾ കയ്യേറി അടിച്ചുതകർക്കുകയുമുണ്ടായി. ബാലറ്റ് പെട്ടികൾ നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കുച്ച്ബിഹാറിലെ ബരാവിൽ പ്രൈമറി സ്കൂളിലെ പോളിങ് ബൂത്തിൽ അതിക്രമിച്ച് കയറിയ അക്രമികൾ ബാലറ്റ് പേപ്പറുകൾക്ക് തീയിട്ടു. കൂടാതെ മാൾഡ, ഭാംഗോർ, ലസ്കർപൂർ, സാംസർഗഞ്ച് എന്നിവിടങ്ങളില്‍ ബോംബേറും ഉണ്ടായി. അതേസമയം, 70,000 സംസ്ഥാന പോലീസിനൊപ്പം കുറഞ്ഞത് 600 കേന്ദ്ര സേനയേയും തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് വിന്യസിപ്പിച്ചിരുന്നു.