അന്താരാഷ്ട്ര സൈനികസഖ്യമായ നാറ്റോയില്‍ അംഗത്വത്തിനായുള്ള യുക്രൈന്റെ ആഗ്രഹത്തെ പിന്തുണച്ച് തുര്‍ക്കി. യുക്രേനിയന്‍ പ്രസിഡന്റ് വ്ളോഡിമാര് സെലന്‍സ്കിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് തുര്‍ക്കിയുടെ പിന്തുണ. അടുത്തയാഴ്ച ലിത്വാനിയയിൽ ചേരുന്ന നാറ്റോ നേതാക്കളുടെ യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
“യുദ്ധക്കെടുതി നേരിടുന്ന ഒരു രാജ്യം നാറ്റോ അംഗത്വം അർഹിക്കുന്നുണ്ട്” - യുക്രൈൻ പ്രസിഡന്റ് വ്ളോഡിമാര് സെലൻസ്കിക്കൊപ്പം നടത്തിയ കൂടിക്കാഴ്ചയില്‍ ഉര്ദുഗോന് പ്രഖ്യാപിച്ചു. കൂടാതെ, യുക്രൈനിൽ നിന്നുള്ള ധാന്യകയറ്റുമതി കരാർ ദീർഘിപ്പിക്കുന്നതിന് തുർക്കി ശ്രമം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയുമായുള്ള യുദ്ധം അവസാനിക്കുമ്പോൾ നാറ്റോ അംഗത്വം നേടാനുള്ള ശ്രമമാണ് യുക്രൈന് നടത്തുന്നത്. ഇതിന്റെ ഭാഗമായി യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ തേടുന്നതിനാണ് സെലന്‍സ്കി തുര്‍ക്കിയിലെത്തിയത്. ലിത്വാനിയയില്‍ ചേരുന്ന നാറ്റോ അംഗത്വരാജ്യങ്ങളുടെ യോഗത്തില്‍ യുക്രൈന് അംഗത്വം നൽകണമെന്ന ആവശ്യത്തില്‍ തുര്‍ക്കി പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.