Monday, November 25, 2024

മണിപ്പൂർ സംഘർഷം; ക്രൈസ്തവ സഭകളെ അനുനയ നീക്കവുമായി ബിജെപി

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ബിജെപി. ഇതിന്‍റെ ഭാഗമായി കേന്ദ്ര സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗിന്‍റെ നേതൃത്വത്തില്‍ ബിജെപി നേതൃത്വം തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി.

മണിപ്പൂരിൽ ക്രൈസ്തവിശ്വാസികൾക്കെതിരായ അതിക്രമത്തിൽ വിവിധ സഭകളുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെയും ബിജെപിയും ലക്ഷ്യമിട്ട് പ്രതിഷേധം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് സഭാ നേതൃത്വവുമായി കേന്ദ്രമന്ത്രിയുടെ കൂടിക്കാഴ്ച. ക്രൈസ്തവ സഭകളെ ഒപ്പം നിർത്താൻ ഉള്ള ബിജെപി ശ്രമങ്ങൾക്കിടയാണ് മണിപ്പൂരിൽ കലാപം അരങ്ങേറിയത്. ക്രിസ്തീയ സഭകൾ ബിജെപിയോട് അകന്നാൽ എ ക്ലാസ് മണ്ഡലമായ തൃശ്ശൂരിൽ ഉൾപ്പെടെ തിരിച്ചടി ഉണ്ടാകുമെന്ന് വിലയിരുത്തലിലാണ് മണിപ്പൂരിൽ നിന്ന് തന്നെയുള്ള കേന്ദ്ര സഹമന്ത്രിയെ എത്തിച്ച് തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തുമായി ചർച്ച നടത്തിയത്.

മണിപ്പൂരിൽ സമാധാനം ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ബിഷപ്പ് ചർച്ചയിൽ ആവശ്യപ്പെട്ടു. സംഘർഷത്തിന് അയവ് വന്നിട്ടുണ്ടെന്നും മണിപ്പൂരിൽ സ്ഥിതി ശാന്തമാണെന്നും മന്ത്രി മറുപടി പറഞ്ഞു. അതേസമയം ബിഷപ്പുമായുള്ള കൂടിക്കാഴ്ച മണിപ്പൂരിന്റെ സമാധാനത്തിന് ഊർജ്ജം പകരുന്നതാണെന്ന് കേന്ദ്രസഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് പ്രതികരിച്ചു. മണിപ്പൂർ കലാപത്തിൽ ബിജെപിക്ക് എതിരായ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻറെ പ്രസ്താവനയ്ക്കും മന്ത്രി മറുപടി നൽകി. വരും ദിവസങ്ങളിൽ കേന്ദ്ര നേതാക്കൾ ഉൾപ്പെടെ എത്തിച്ച് ക്രിസ്തീയ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകാനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

Latest News