Monday, November 25, 2024

നിറം മാറി വന്ദേ ഭാരത്

വന്ദേ ഭാരത് എക്സ്‌പ്രസ് തീവണ്ടികളുടെ നിറം നീലയില്‍ നിന്നും ഓറഞ്ച്-ചാര നിറത്തിലേക്കു മാറുന്നു. ത്രിവര്‍ണ്ണ പതാകയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നിറം മാറ്റമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വന്ദേ ഭാരതിന്റെ 28-ാ മത് തീവണ്ടിയിലാണ് റെയില്‍വേ നിറംമാറ്റം പരീക്ഷിക്കുന്നത്.

കാവിനിറത്തിലെത്തുന്ന പുതിയ വന്ദേ ഭാരത് എക്സ്‌പ്രസ് ഓടിത്തുടങ്ങിയിട്ടില്ലെങ്കിലും വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കുന്ന ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിന്നുള്ള ട്രെയിനിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. നിലവിലുള്ളത് കഴുകിവൃത്തിയാക്കാൻ ഏറെ പ്രയാസമുള്ളതിനാലാണ് പുതിയ നിറങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നിറംമാറ്റത്തിനു പുറമെ, സീറ്റുകളുടെ നിർമ്മാണത്തിലും ലൈറ്റ് ഫിറ്റിങ്ങിലും മാറ്റം വരുത്തും. കൂടുതൽ വീതിയുള്ള വാഷ്‌ബേസിൻ സ്ഥാപിക്കുമെന്നും ഐ.സി.എഫ്. അധികൃതർ പറഞ്ഞു.

അതേസമയം, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച ഇന്റഗ്രല്‍ കോച്ച് ഫാക്ടറി സന്ദര്‍ശിച്ച് ദക്ഷിണ റെയില്‍വേയിലെ സുരക്ഷാനടപടികള്‍ അവലോകനം ചെയ്തു. വന്ദേ ഭാരത് എക്സ്‌പ്രസിന്റെ മെച്ചപ്പെടുത്തലുകളെക്കുറിച്ചും അദ്ദേഹം വിലയിരുത്തി. തദ്ദേശീയ തീവണ്ടിയുടെ 28-ാം റേക്കിന്റെ പുതിയ നിറം, ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് പരിശോധനയ്ക്കു ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.

Latest News