സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ ക്രൊയേഷ്യയിലെ ഡുബ്രോവ്നിക് നഗരത്തില്‍ ട്രോളിബാഗുകൾക്ക് നിരോധനമേര്‍പ്പെടുത്തി പ്രാദേശിക ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം വന്നതായി ഡുബ്രോവ്നിക് നഗരത്തിന്റെ മേയർ മാറ്റോ ഫ്രാങ്കോവിക് പ്രഖ്യാപിച്ചു. ശബ്ദമലിനീകരണം ഉണ്ടാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം.
അതിമനോഹരമായ ബീച്ചുകൾ, ദ്വീപുകൾ, വൈവിധ്യമാർന്ന ഭക്ഷണം തുടങ്ങി യൂറോപ്പിലെ ഏറ്റവും തിരക്കുള്ള ടൂറിസ്റ്റ് കേന്ദ്രമാണ് ഡുബ്രോവ്നിക്. വർഷംതോറും ലക്ഷക്കണക്കിന് സന്ദർശകരാണ് നഗരത്തിലെത്തുന്നത്. ഇവിടെയാണ് സഞ്ചാരപ്രേമികളെ ഞെട്ടിച്ചുകൊണ്ട് ട്രോളിബാഗുകൾ നിരോധിച്ചത്.
പുതിയ നിയമം നിലവില്‍ വന്നതോടെ ട്രോളിബാഗുമായി നഗരവീഥികളിലൂടെ നടക്കുന്നവർക്ക് കനത്ത പിഴയാണ് പ്രദേശിക ഭരണകൂടം ചുമത്തുന്നത്
ഡുബ്രോവ്നിക് നഗരവീഥികളിലുടനീളം കല്ലുകൾ പാകിയിട്ടുണ്ട്. വിനോദസഞ്ചാരികൾ തങ്ങളുടെ ട്രോളിബാഗുകൾ വലിച്ചിഴച്ചു നടക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നെന്നും രാത്രിയിൽപോലും സ്വസ്ഥമായി ഉറങ്ങാൻ സാധിക്കുന്നില്ലെന്നുമാണ് നഗരവാസികളുടെ പരാതിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തുടർന്നാണ് മേയർ മാറ്റോ ഫ്രാങ്കോവിക് പുതിയ നിയമം കൊണ്ടുവന്നത്. ഡുബ്രോവ്നിക്കിലെ ഓൾഡ് ടൗണിലെ തെരുവിലൂടെ സഞ്ചാരികൾ ചക്രങ്ങളുള്ള സ്യൂട്ട്കേസുകൾ വലിച്ചുനടക്കുന്നത് വിലക്കും. ആരെങ്കിലും നിയമം തെറ്റിച്ചാൽ അവർക്ക് 288 ഡോളർ (ഏകദേശം 23,630 രൂപ) പിഴയും ചുമത്തും.
ഡുബ്രോവ്നിക് ടൂറിസ്റ്റ് ഓഫീസിന്റെ ‘റെസ്പെക്റ്റ് ദി സിറ്റി’ പദ്ധതിയുടെ ഭാഗമായാണ് നടപടി. നവംബർ മുതൽ നഗരത്തിനു പുറത്ത് യാത്രക്കാർക്ക് ട്രോളിബാഗുകൾ സൂക്ഷിക്കാനുള്ള ഒരു സംവിധാനം സ്ഥാപിക്കാനും പ്രാദേശികസർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഇതുവരെ ഏകദേശം 2,89,000 പേരാണ് ഡുബ്രോവ്നിക് നഗരം സന്ദർശിക്കാനെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 32% വർധനവുണ്ടായിട്ടുണ്ടെന്നും ഡുബ്രോവ്നിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.