വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് അതിശക്തമായ മഴ. മലയോര സംസ്ഥാനങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ 19 പേർ മരിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ പല പ്രദേശങ്ങളിലും കനത്തതും അതിശക്തവുമായ മഴയാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ രണ്ട് ദിവസമായി വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ തുടർച്ചയായി മഴ പെയ്യുകയാണ്. ഡൽഹിയിൽ 40 വർഷത്തിനിടെയാണ് ഇത്രയധികം മഴ ലഭിക്കുന്നത്. ഞായറാഴ്ച രാവിലെ 8:30 വരെ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 153 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 1982 ന് ശേഷം ജൂലൈയിലെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മഴയാണിതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതായും വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.
ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലുമായി അഞ്ചു പേർ മരിച്ചതായാണ് റിപ്പോർട്ട്. ടൂറിസ്റ്റ് കേന്ദ്രമായ കുളുവിലും മണാലിയിലും ഉണ്ടായ പ്രളയത്തിൽ വാഹനങ്ങളും കടകളും ഒലിച്ചുപോയി. സംസ്ഥാനത്തെ പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ജമ്മു കശ്മീരിൽ പലയിടത്തും കനത്ത മഴയെത്തുടർന്ന് ഝലം നദിയിലും അതിന്റെ പോഷകനദികളിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ജലനിരപ്പ് ഉയർന്നു. ജലാശയങ്ങളുടെ കരകൾക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കാനും വെള്ളത്തിനടുത്തേക്ക് പോകുന്നത് ഒഴിവാക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ ജില്ലകളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്.