സംസ്കരിച്ച ഭക്ഷണ സാധനങ്ങളുടെ ഉപയോഗം ഗർഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളർച്ചയെ ബാധിക്കുമെന്നു പുതിയ പഠനം തെളിയിക്കുന്നു. സംസ്കരിച്ച ഭക്ഷണം അമ്മമാർ കഴിക്കുമ്പോൾ കുട്ടിയുടെ തലയുടെ ചുറ്റളവും തുടയെല്ലിന്റെ നീളവും കൂടുതലായി മാറുന്നു എന്നാണ് കണ്ടെത്തൽ. ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാരം വെളിപ്പെടുത്തിയിരിക്കുന്നത്.
27 വയസും അതിനോടടുത്തും പ്രായം വരുന്ന ബ്രസീലിലെ 417 അമ്മമാരിൽ നടത്തിയ നിരീക്ഷണങ്ങളുടെ ഫലമാണ് ഈ റിപ്പോർട്ട്. ഗർഭാവസ്ഥയിലെ ഇവരുടെ ഭക്ഷണ രീതിയും കുട്ടികളിൽ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുമായിരുന്നു പ്രധാനമായും പഠനം നടന്നത്. ഇത്തരത്തിൽ നടത്തിയ പഠനത്തിൽ സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപഭോഗം ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിൽ ഭ്രൂണത്തിന്റെ അസ്ഥികളുടെ ഘടനയെ പ്രതികൂലമായി ബാധിക്കുന്നു എന്ന് കണ്ടെത്തി. അതിനാൽ കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം ഗർഭകാലത്ത് പിന്തുടരണം എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ സംസ്കരിച്ച ഭക്ഷണത്തിന്റെ വർദ്ധിച്ച ഉപയോഗം അമിതഭാരം, പ്രമേഹം, കാൻസർ, ഹൃദ്രോഗം എന്നിവയിലേക്ക് നയിച്ചേക്കാം എന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.