സെനഗലിൽ നിന്ന് സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് കുടിയേറ്റക്കാരുമായി പോയ ബോട്ട് മുങ്ങി 300 പേരെ കാണാതായി. മൂന്ന് കുടിയേറ്റ ബോട്ടുകളിലായി യാത്ര ചെയ്തവരെയാണ് കാണാതായത്. ഇതു സംബന്ധിച്ച വിവരം അറിയിച്ചത് മൈഗ്രന്റ് എയ്ഡ് ഗ്രൂപ്പ് വാക്കിംഗ് ബോർഡേഴ്സ് ആണ്.
സെനഗലിൽ നിന്ന് സ്പെയിനിലേക്ക് സംഘം യാത്ര തിരിച്ചിട്ട് 15 ദിവസമായെന്നാണ് വാക്കിംഗ് ബോർഡേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ബോട്ടുകളിലായി 120 ഓളം പേരാണ് യാത്ര ചെയ്തത്. ഇരുനൂറോളം കുടിയേറ്റക്കാരുമായി ജൂൺ 27 നാണ് സെനഗലിൽ നിന്ന് മൂന്നാമത്തെ ബോട്ട് പുറപ്പെട്ടത്. സെനഗലിന്റെ തെക്ക് ഭാഗത്തുള്ള കഫൗണ്ടൈനിൽ നിന്നാണ് മൂന്ന് ബോട്ടുകളും യാത്ര ആരംഭിച്ചത്. എന്നാൽ യാത്ര തുടങ്ങിയതിനു ശേഷം അതിലെ യാത്രക്കാരെക്കുറിച്ച് യാതൊരുവിധ വിവരങ്ങളും ലഭിച്ചില്ല. ഇതോടെയാണ് അന്വേഷണം ആരംഭിച്ചത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
ബോട്ട് മാർഗം മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാൻ ശ്രമിക്കുന്ന നിരവധി പേരുടെ ജീവനുകളാണ് അപകടത്തിൽ പൊലിയുന്നത്. കഴിഞ്ഞ മാസം തെക്കൻ ഗ്രീസിൽ കുടിയേറ്റക്കാരുമായി പോയ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മുന്നൂറിലേറെ പേരെ കാണാതായിരുന്നു. മറിഞ്ഞ ബോട്ടിൽ 750 പേർ വരെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അനധികൃതമായി കൊള്ളാവുന്നതിലും കൂടുതൽ ആൾക്കാരെ കുത്തി നിറച്ച് നടത്തുന്ന യാത്രകളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്.