Saturday, April 19, 2025

ചൈന വീണ്ടും കോവിഡ് ഭീഷണിയില്‍; രണ്ടു വര്‍ഷത്തിലാദ്യമായി 1000 പേര്‍ക്ക് കോവിഡ്; നഗരങ്ങളില്‍ ലോക്ഡൗണ്‍

ഒരിടവേളയ്ക്കുശേഷം ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. ഇന്നലെ മാത്രം 1,500-ലേറെ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020 ന്റെ തുടക്കത്തില്‍ ചൈനയിലുടനീളം കോവിഡ് തരംഗം പ്രകടമായതിനു ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്.

കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണ നടപടികളിലേക്കു കടന്നിരിക്കുകയാണ് അധികൃതര്‍. പല നഗരങ്ങളും വലിയ ജനക്കൂട്ടം പങ്കടുക്കുന്ന പരിപാടികള്‍ റദ്ദാക്കുന്നതു വീണ്ടും നടപ്പാക്കിത്തുടങ്ങി. ജനങ്ങളെ കൂട്ടമായി കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുന്നതു വീണ്ടും പ്രോത്സാഹിപ്പിക്കുകയും സ്‌കൂളില്‍ മുഖാമുഖമുള്ള ക്ലാസുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുകയാണ്.

ഒമ്പത് ദശലക്ഷം ജനങ്ങളുള്ള ചൈനയിലെ വടക്കുകിഴക്കന്‍ പ്രദേശമായ ചാങ്ചുനില്‍ ആയിരത്തിലധികം പുതിയ കോവിഡ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രദേശത്തെ ബിസിനസ് സ്ഥാപനങ്ങളും ഗതാഗതവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. 2020 ല്‍ കോവിഡ് മഹാമാരി കണ്ടെത്തിയതിന് ശേഷം ഇപ്പോഴാണ് ചൈനയില്‍ കോവിഡ് കേസുകള്‍ 1000 കടക്കുന്നത്. ഇതില്‍ കൂടുതല്‍ കേസുകളും ചാങ്ചുനിന്റെ തൊട്ടടുത്തുള്ള ജിലിന്‍ പ്രവിശ്യയില്‍ നിന്നാണ്. ജിലിന്‍ പ്രദേശത്ത് ഭാഗികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശിച്ചു.

ഈ സാഹചര്യത്തില്‍ ജിലിന്‍ നഗരത്തിലെ മേയറെയും തലസ്ഥാനമായ ചാങ്ചുനിലെ ഒരു ജില്ലാ തലവനെയും തല്‍സ്ഥാനങ്ങളില്‍നിന്നു നീക്കിയതായാണു റിപ്പോര്‍ട്ട്. അവശ്യ സര്‍വിസുകള്‍ ഒഴികെ മറ്റെല്ലാ സ്ഥാപനങ്ങളോടും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ചാങ്ചുന്‍ അധികൃതര്‍ ഉത്തരവിട്ടു. ചാങ്ചുനില്‍ ആളുകള്‍ക്ക് അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കു വീടുവിട്ടുപോകാന്‍ വിലക്കുണ്ട്. 90 ലക്ഷം ജനങ്ങളാണ് ഈ മേഖയിലുള്ളത്. ജിലിന്‍ നഗരപ്രദേശങ്ങളിലും സമാനമായ നടപടികള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ചൈനയിലെ പ്രതിദിന കേസുകള്‍ മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസുകളിലെ വര്‍ധന മഹാമാരിയെ എത്രയും വേഗം തുടച്ചുനീക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ സങ്കീര്‍ണമാക്കും.

Latest News