ഉക്രൈന് ക്ലസ്റ്റർ ബോംബ് നൽകിയതിൽ യുഎസിനെതിരെ ഗുരുതര ആരോപണവുമായി റഷ്യ. യുദ്ധം നീട്ടിക്കൊണ്ടു പോകാനാണ് യുഎസ് ശ്രമിക്കുന്നതെന്നാണ് ആരോപണം. റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സകറോവാണാ ആണ് ആരോപണവുമായി രംഗത്തെത്തിയത്.
റഷ്യക്കെതിരായ പ്രത്യാക്രമണത്തിന് ഉക്രൈന് ക്ലസ്റ്റർ ബോംബുകൾ നൽകുമെന്ന് കഴിഞ്ഞ ആഴ്ചയാണ് അമേരിക്ക വ്യക്തമാക്കിയത്. ക്ലസ്റ്റർ ബോംബുകൾ നിർമ്മിക്കുന്നതും ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും കൈമാറ്റം ചെയ്യുന്നതും യുഎന്നിലെ 123 രാജ്യങ്ങൾ നിരോധിച്ചിരുന്നു. ഇതിനിടയിലാണ് ഉക്രൈന് ക്ലസ്റ്റർ ബോംബുകൾ നൽകിക്കൊണ്ടുള്ള അമേരിക്കയുടെ പുതിയ നീക്കം.
മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ക്ലസ്റ്റർ ബോംബുകൾ നൽകാനുള്ള അമേരിക്കയുടെ തീരുമാനമാണ് നിലവിൽ റഷ്യയെ ചൊടിപ്പിച്ചത്. “ബോംബുകൾ ഉക്രൈന് നൽകുന്നതോടെ യുദ്ധം നീണ്ടു പോകും. ഇതിനായുള്ള നീക്കമാണ് യുഎസ് ഇപ്പോൾ നടത്തിയിരിക്കുന്നത്.” മരിയ സകറോവാണാ ആരോപിച്ചു.
അതിനിടെ യു.എസ് നൽകുന്ന ക്ലസ്റ്റർ ബോംബ് ഉക്രൈൻ ഉപയോഗിക്കരുതെന്ന് കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ ആവശ്യപ്പെട്ടു. 1970 കളിൽ യു.എസ് കംബോഡിയയിൽ വർഷിച്ച ക്ലസ്റ്റർ ബോംബ് പതിനായിരങ്ങളുടെ ജീവനെടുത്തിരുന്നു. അരനൂറ്റാണ്ടിന് ശേഷവും ഇതിന്റെ അവശിഷ്ടങ്ങൾ പൂർണമായിനീക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്താണ് ക്ലസ്റ്റർ ബോംബ്?
നിരവധി ചെറുബോംബുകൾ അടങ്ങിയതാണ് ക്ലസ്റ്റർ ബോംബ്. കരയിൽ നിന്നോ ആകാശത്തു നിന്നോ പ്രയോഗിക്കുന്ന ക്ലസ്റ്ററ് ബോംബുകൾ പാതിവഴിയിൽ വെച്ച് പൊട്ടുകയും ഉള്ളിലുള്ള ചെറുബോബുകൾ ചിതറുകയും ചെയ്യും. വലിയൊരു പ്രദേശത്ത് വ്യാപകമായി നാശം വിതക്കാൻ 2000 ത്തോളം ചെറു ബോംബുകൾ അടങ്ങുന്ന ഒരു ക്ലസ്റ്റർ ബോംബിന് കഴിയും. ആക്രമണസമയത്തും പിന്നീട് വർഷങ്ങളോളവും മനുഷ്യർക്ക് കടുത്ത ഭീഷണി സൃഷ്ടിക്കും ഈ ബോംബ്.