Sunday, November 24, 2024

ചൈനയിൽ ഇനി കാട്ടുപന്നികളെ വേട്ടയാടാം; സംരക്ഷിത വന്യമൃഗ പദവി എടുത്തു കളഞ്ഞ് ഭരണകൂടം

സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയിൽനിന്ന് കാട്ടുപന്നികളെ നീക്കിയതായി ചൈനീസ് ഭരണകൂടം. വിളകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നത് വർധിച്ചതോടെയാണ് ആണ് തീരുമാനം. ഇതോടെ, ചൈനയിൽ ഇനി കാട്ടുപന്നികളെ നിബന്ധനകൾക്ക് വിധേയമായി വേട്ടയാടാൻ കഴിയും.

രാജ്യത്ത് കാട്ടുപന്നിയുടെ എണ്ണം പെരുകി വിളകളും കൃഷിയിടങ്ങളും നശിപ്പിക്കുന്നത് വ്യാപകമാണ്. ഇത് കൂടാതെ പലയിടത്തും കാട്ടുപന്നികൾ മനുഷ്യരെ ആക്രമിക്കുന്നതും പതിവായിരുന്നു. ചൈനയുടെ 31 പ്രവിശ്യകളിൽ 28ലും കാട്ടുപന്നികൾ ധാരാളമായി ഉണ്ടെന്നാണ് കണക്കുകൾ. ജനങ്ങളുടെ നിത്യ ജീവിതത്തിന് ഗുരുതരമായ വെല്ലുവിളികൾ സൃഷ്ടിച്ചതോടെയാണ് ചൈനയുടെ തീരുമാനം.

അതേസമയം, കാട്ടുപന്നിക്ക് സംരക്ഷിത വന്യമൃഗ പദവി എടുത്തു കളഞ്ഞതിനെതിരെ ആഗോള മൃഗസ്നേഹി സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു. പുതിയ തീരുമാനം അനിയന്ത്രിത വേട്ടയ്ക്കും കാട്ടുപന്നിയുടെ വംശനാശത്തിനും കാരണമാകുമെന്നാണ് സംഘടനകളുടെ ആരോപണം. എന്നാൽ കാട്ടുപന്നികളെക്കാൾ പ്രാധാന്യം കർഷകരുടെ ജീവനും കൃഷിവിളയ്ക്കും ആണെന്നാണ് ചൈനയുടെ നിലപാട്. 2000 ത്തിലാണ് സംരക്ഷിത മൃഗങ്ങളെ ഉൾപ്പെടുത്തിയുള്ള പട്ടിക ചൈന പുറത്ത് വിടുന്നത്.

Latest News