Monday, November 25, 2024

കു​വൈ​റ്റ്- സൗ​ദി റെ​യി​ൽ യാഥാര്‍ത്ഥ്യമാകുന്നു; ചര്‍ച്ചകളുമായി ഇരു രാജ്യങ്ങളും മുന്നോട്ട്

കുവെെറ്റ്- സൗദി രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി വരുന്നു. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളിലേയും വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.യോഗത്തില്‍ റെയിൽ പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പഠനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായാണ് വിവരം.

കുവെെറ്റിനും സൗദി തലസ്ഥാനമായ റിയാദിനുമിടയിൽ അതിവേഗ ബുള്ളറ്റ് ട്രെയിൻ നടപ്പാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ പഠന റിപ്പോർട്ട് പൂർത്തിയായ ശേഷം ഇരു രാജ്യങ്ങളും തമ്മിൽ കരാര്‍ ഒപ്പുവെക്കും. ആറ് മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് പൂർത്തിയാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.

പദ്ധതി പൂർത്തിയാക്കിയാൽ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കം എളുപ്പമാകുമെന്നാണ് വിലയിരുത്തുന്നത്. ജിസിസി രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ജിസിസി റെയിൽ പദ്ധതിയും ആഭ്യന്തര റെയിൽപാതയും കുവൈറ്റിന്റെ പരിഗണനയിലുണ്ട്. കുവെെറ്റ് അന്താരാഷ്ട്ര വിമാനത്താവളവുമായും തുറമുഖങ്ങളുമായും ബന്ധിപ്പിക്കുന്ന റെയിൽപാതയും അതോടൊപ്പം കുവെെറ്റിനെ മറ്റു ജിസിസി രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള പദ്ധതിയും ആസുത്രണം ചെയ്യുന്നുണ്ട്. റെയില്‍ പദ്ധതിക്കു പുറമേ വൈദ്യുതി, ജലം, പ്രതിരോധം എന്നിവയുൾപ്പടെ വിവിധ വിഷയത്തിൽ സർക്കാർ ഏജൻസികളുമായി യോഗത്തിൽ ചർച്ച നടന്നു.

Latest News