Monday, November 25, 2024

വെള്ളപ്പൊക്കത്തിൽ വലയുന്ന ഹിമാചൽ പ്രദേശിനും ഉത്തരാഖണ്ഡിനും കേന്ദ്രത്തിൻറെ അടിയന്തര സഹായം

കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തിൽ ഹിമാചൽ പ്രദേശിനും ഉത്തരാഖണ്ഡിനും അടിയന്തര സഹായം വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ. ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി സംസാരിക്കുകയും സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. അതിനിടെ യമുന കരകവിഞ്ഞ് ഒഴുകുന്നതിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദേശം കേന്ദ്ര ജല കമ്മീഷൻ നൽകിയിട്ടുണ്ട്.

പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ ജീവഹാനി, കൃഷി, വസ്തുവകകൾ, വിളകൾ, റോഡുകളുടെ അവസ്ഥ, എന്നിവയുടെ നാശനഷ്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയതായി ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ അറിയിച്ചു. എസ്ഡിആർഎഫും പോലീസും ഭരണകൂടവും പൂർണ്ണ ജാഗ്രതയോടെ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു. പ്രാദേശിക ഭരണകൂടങ്ങൾ, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) തുടങ്ങിയ ടീമുകൾ ദുരിതബാധിതരുടെ ക്ഷേമം ഉറപ്പാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു.

അതേസമയം, കനത്ത മഴയ്‌ക്കൊപ്പം ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് യമുന നദിയിലെ ജലനിരപ്പ് 205.33 മീറ്ററായി അപകടനില മറികടന്നു. 1978-ൽ രേഖപ്പെടുത്തിയ 207.49 മീറ്ററാണ് യമുനയിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ജലനിരപ്പ്. ഇത് ഇത്തവണ മറികടക്കുമോയെന്ന ആശങ്കയിലാണ് അധികൃതർ. ഇതേ തുടർന്ന് കേന്ദ്ര ജല കമ്മീഷൻ അതീവ ജാഗ്രതാ നിർദേശം നൽകി. നഗരത്തിലും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും പെയ്യുന്ന കനത്ത മഴയ്ക്കിടയിൽ നദി അപകടരേഖ കടന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.

Latest News