ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികൾ ഓഗസ്‌റ്റ് 2 മുതൽ പരിഗണിക്കുമെന്ന് സുപ്രിം കോടതി. തിങ്കൾ, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് ഹർജികളിൽ വാദം കേൾക്കുക. ചീഫ് ജസ്‌റ്റിസ് (സിജെഐ) ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
ആർട്ടിക്കിൾ 370 പ്രകാരം 1954 മുതൽ 2019 വരെ ജമ്മു കശ്‌മീരിലെ ജനങ്ങൾക്ക് പ്രത്യേക അവകാശങ്ങളും അധികാരങ്ങളും അനുവദിച്ചിരുന്നു. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ 2019 ല്‍ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞു. 2019ലെ ജമ്മു കശ്‌മീർ (പുനഃസംഘടന) നിയമം പ്രാബല്യത്തിൽ വന്നതോടെ, ഈ സംസ്ഥാനത്തെ ജമ്മു കശ്‌മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയായിരുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയ 2019 ഓഗസ്‌റ്റ് 5 മുതലുള്ള രാഷ്ട്രപതി ഉത്തരവിനെയാണ് ഹർജികൾ ചോദ്യം ചെയ്യുന്നത്. ഈ ഹര്‍ജികളാണ് ഓഗസ്‌റ്റ് 2 മുതൽ പരിഗണിക്കുമെന്ന് സുപ്രിം കോടതി അറിയിച്ചത്. പുനഃസംഘടന നിയമം വന്നതിനു പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ, മുൻ വിദ്യാർത്ഥി ആക്‌ടിവിസ്‌റ്റ് ഷെഹ്‌ല റാഷിദ് എന്നിവർക്ക് ആർട്ടിക്കിൾ 370 അസാധുവാക്കൽ ചോദ്യം ചെയ്‌ത് നൽകിയ ഹര്‍ജിയിൽ നിന്ന് പിന്മാറാനും സുപ്രീം കോടതി അനുമതി നൽകി.