Sunday, November 24, 2024

മണിപ്പൂര്‍ കലാപം: നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി

മണിപ്പൂർ കലാപത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം നൽകുന്നതിനും വീടുകളും ആരാധനാലയങ്ങളും പുനർനിർമ്മിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വേണ്ട നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. കുക്കി വിഭാഗത്തിനായി ഹാജരായ അഭിഭാഷകൻ കോളിൻ ഗോൺസാൽവസിന്റെ വാദങ്ങൾ കേട്ടതിനു ശേഷമാണ് കോടതി ഇക്കാര്യത്തിൽ നിർദേശം മുന്നോട്ടുവച്ചത്.

മണിപ്പൂർ ട്രൈബൽ ഫോറം അഭിഭാഷകനാണ് കോളിൻ. അദ്ദേഹം, കുക്കി വിഭാഗം കലാപത്തെ തുടർന്ന് നേരിടുന്ന ക്രൂരതകൾ വിവരിക്കുകയും ഈ വിഭാഗത്തിന് സൈനികസംരക്ഷണം നൽകാൻ നടപടിയുണ്ടാകണമെന്ന ആവശ്യമുയർത്തുകയും ചെയ്തു. എന്നാൽ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ സൈന്യത്തിന് യഥേഷ്ടം പ്രവർത്തിക്കുന്നതിനുള്ള ഉത്തരവുകൾ കോടതിക്ക് പുറപ്പെടുവിക്കാനാകില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒപ്പം വിദ്വേഷപ്രസംഗം നിയന്ത്രിക്കുന്നതിനും സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും എല്ലാ കക്ഷികളും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Latest News