അന്താരാഷ്ട്ര സൈനികസഖ്യമായ നാറ്റോയില്‍ അംഗത്വം നല്കാന് വൈകുന്നതില്‍ വിമര്‍ശനവുമായി യുക്രൈന് പ്രസിഡന്റ് വ്ലോഡിമർ സെലൻസ്കി. യുക്രൈന്റെ ഭാവി നാറ്റോയിലാണെന്നു പറയുന്ന നേതാക്കള്‍, അംഗത്വം നൽകുന്നതിന് സമയപരിധി നിശ്ചയിക്കാത്തത് അസംബന്ധമാണെന്ന് സെലൻസ്കി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സെലൻസ്കിയുടെ പ്രതിഷേധം.
“യുക്രൈനെ നാറ്റോയിൽ ചേർക്കാൻ സമയപരിധി നിശ്ചയിക്കാത്തതിനാൽ റഷ്യയുമായുള്ള ചർച്ചകളിൽ വിലപേശലിന് അവസരമൊരുക്കും. എന്നാൽ, റഷ്യയ്ക് തങ്ങളുടെ ഭീകരത തുടരുന്നതിനുള്ള പ്രചോദനമായിരിക്കും ഇത്” – സെലന്‍സ്കി പ്രസ്തവാനയില്‍ അറിയിച്ചു. യുക്രൈനെ നാറ്റോയിലേക്കു ക്ഷണിക്കാനോ, അംഗമാക്കാനോ തയ്യാറല്ലെന്നു തോന്നുന്നതായും വിൽന്യൂസിലെ നാറ്റോ ഉച്ചകോടിയിൽ യുക്രൈനെ കൂടാതെ ചർച്ചകൾ നടക്കുന്നതായി സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണഗതിയിൽ നാറ്റോ അംഗത്വത്തിന് ദശാബ്ദങ്ങളെടുക്കും. എന്നാല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വളരെ പെട്ടെന്ന് അംഗത്വം വേണമെന്നാണ് യുക്രൈൻ ആവശ്യപ്പെടുന്നത്. അംഗരാജ്യത്തിനെതിരെ പുറത്തുനിന്ന് ആക്രമണമുണ്ടായാൽ സഖ്യം പൂർണ്ണസുരക്ഷയൊരുക്കുമെന്നതാണ് യുക്രൈന്റെ തിടുക്കത്തിനു പിന്നില്‍. അതേസമയം, ഭാവിയിൽ യുക്രൈന് സൈനികസഖ്യത്തിൽ ചേരാൻ കഴിയുമെന്നും നാറ്റോ നേതാക്കൾ പറയുന്നു.