കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി മരുന്നുകളുടെ ജിഎസ്ടി എടുത്തുമാറ്റി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയില്‍ നടന്ന ജിഎസ്ടി കൗൺസിലിന്റെ 50-ാമത് യോഗത്തിലാണ് തീരുമാനം. നേരത്തെ 12% നികുതിയാണ് കാന്‍സര്‍ മരുന്നുകള്‍ക്ക് ഈടാക്കിയിരുന്നത്. ഇത് സാധാരണക്കാര്‍ക്ക് വലിയ പ്രഹരമായിരുന്നു.
ജിഎസ്ടി കൗൺസിലിന്റെ 50-ാമത് യോഗത്തിൽ, കാൻസർ മരുന്നിന് ഇറക്കുമതിവില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു ഡോസിന് 63 ലക്ഷം രൂപ വിപണിവിലയുണ്ടായിരുന്ന മരുന്നിന് 12% ജിഎസ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിരുന്നത്. എന്നാല്‍ ഇതാണ് പൂര്‍ണ്ണമായും ഒഴിവാക്കിയത്. അതേസമയം ഓൺലൈൻ ഗെയിമിംഗിന് 28 ശതമാനമായി ജിഎസ്ടി ഉയർത്തി. ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോ എന്നിവയുടെ മുഴുവൻ ചിലവിൽ 28% ജിഎസ്ടിയും ചുമത്തും. ഓൺലൈൻ ഗെയിമിംഗ് ജിഎസ്ടി നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് യോഗത്തിനുശേഷം മഹാരാഷ്ട്ര മന്ത്രി സുധീർ മുൻഗന്തിവാർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സിനിമാ തിയേറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണങ്ങള്‍ക്കും ശീതളപാനീയങ്ങള്‍ക്കും വിലകുറയും. ജിഎസ്ടി അഞ്ചു ശതമാനമാക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി. പാചകം ചെയ്യാത്തതും വറുക്കാത്തതുമായ ലഘുഭക്ഷണങ്ങള്‍ക്കും വിലകുറയും. പാക്ക് ചെയ്ത പപ്പടത്തിന്റെ നികുതി 18-ല്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനു പുറമെ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ, കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.