ഒരാഴ്ചയ്ക്കിടെ അതിശയിപ്പിക്കുന്ന വളര്‍ച്ചയുമായി മെറ്റയുടെ ത്രെഡ് ആപ്പ് കുതിക്കുന്നു. ഇതുവരെ 100 ദശലക്ഷം ഉപയോക്താക്കള്‍ ആപ്പില്‍ സൈൻ ഇൻ ചെയ്തതായാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമുമായി മെറ്റാ സേവനം ബന്ധിപ്പിച്ചതിനാലാണ് ത്രെഡിന് ഇത്രയധികം ഉപയോക്താക്കളെ സമ്പാദിക്കാൻ കഴിഞ്ഞതെന്നാണ് വിലയിരുത്തലുകള്‍.
ഏകദേശം 2.35 ബില്യണിലധികം പ്രതിമാസ ഉപയോക്താക്കളാണ് മെറ്റയുടെ തന്നെ മാധ്യമമായ ഇന്‍സ്റ്റഗ്രാമിനുള്ളത്. റീല്‍സ് അവതരിപ്പിക്കാനുള്ള ഫീച്ചറുകള്‍ ഉള്ളതിനാലാണ് അടുത്തിടെ ഇന്‍റസ്റ്റഗ്രാം ഉപയോക്തളുടെ എണ്ണം വര്‍ധിച്ചത്. ത്രെഡ്സ് ഇതുമായി ബന്ധിപ്പിച്ചിരിക്കുന്നതില്‍ ഇന്‍സ്റ്റാ ഉപയോക്താക്കള്‍ക്ക് ത്രെഡ്സിലേക്ക് എത്താന്‍ സഹായിച്ചു. ഇതുകൂടാതെ, ട്വിറ്റര്‍ മേധവിയുടെ പല പരിഷ്കാരങ്ങളിലുമുള്ള അതൃപ്തിയെ തുടര്‍ന്നും ആളുകള്‍ വ്യാപകമായി ത്രെഡ്സിലേക്ക് ചേക്കേറിയിട്ടുണ്ട്.
അതേസമയം, ഉപയോക്താക്കളുടെ എണ്ണത്തിൽ കമ്പനി റെക്കോർഡിട്ടുവെങ്കിലും എത്രപേർ ആപ്പിൽ സജീവമാകുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഇൻസ്റ്റാഗ്രാമുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാൽ ത്രെഡ് ആപ്പ് ഡീലിറ്റ് ചെയ്താൽ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഡീലിറ്റാകും. അതിനാല്‍ ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പറയുന്നതനുസരിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ത്രെഡ്‌സ് അക്കൗണ്ടും ഇൻസ്റ്റഗ്രാമും വെവ്വേറെ ആക്കാനുള്ള പ്രവർത്തനത്തിലാണ് കമ്പനി .