ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങൾ പുരോഗതി കൈവരിച്ചതായി യുഎൻ റിപ്പോർട്ട്. 15 വർഷത്തിനിടെ ഈ രാജ്യങ്ങളിലെ 41.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്ന് കരകയറിയതായി റിപ്പോർട്ടിൽ പറയുന്നു. യുനൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യു.എൻ.ഡി.പി ) ഓക്സ്ഫർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനീഷ്യേറ്റിവ് (ഒ.പി.എച്ച്.ഐ) എന്നിവ സംയുക്തമായി ഓക്സ്ഫഡ് സർവകലാശാലയിൽ വെച്ച് പ്രകാശനം ചെയ്ത റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
2005 -2006 മുതൽ 2019 -2021 വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ് യുഎൻ പുറത്തുവിട്ടത്. കോവിഡ് കാലത്തെ സമഗ്രമായ കണക്കുകൾ ലഭ്യമല്ലാത്തതിനാൽ അത് ഒഴിവാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമേ, കംബോഡിയ, ചൈന, കോംഗോ, ഹോണ്ടുറസ്, ഇന്തോനേഷ്യ, മൊറോകോ, സെർബിയ, വിയറ്റ്നാം തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മറ്റു രാജ്യങ്ങൾ.
64.5 കോടി ജനങ്ങളാണ് 2005 -2006 കാലത്ത് ദാരിദ്രത്തിൽ കഴിഞ്ഞിരുന്നത്. ഇത് 2015 -2016 കാലയളവിൽ 37 കോടിയായും 2019-2021 കാലയളവിൽ 23 കോടിയായും കുറഞ്ഞു. കുട്ടികളിലും പിന്നാക്ക വിഭാഗങ്ങളിലുമാണ് പുരോഗതി കൂടുതൽ പ്രകടമായത്.