Monday, November 25, 2024

പ്രധാനമന്ത്രിയുടെ ഫ്രാൻസ് – യുഎഇ സന്ദര്‍ശനത്തിനു തുടക്കമായി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന ഫ്രാൻസ് – യുഎഇ സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രാൻസിലെത്തുന്ന അദ്ദേഹം ജൂലൈ 13, 14 തീയതികളിൽ ഫ്രാൻസിലെ ബാസ്‌റ്റിൽ ഡേ പരേഡ് ഉള്‍പ്പടെയുള്ള പരിപാടികളില്‍ പങ്കെടുക്കും. ഫ്രാൻസ് സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി അബുദാബിയിലേക്കു തിരിക്കും.

ജൂലൈ 14-ന് ഫ്രാന്‍സില്‍ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ മുഖ്യാതിഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പരേഡിൽ ഇന്ത്യയുടെ കര-നാവിക-വ്യോമസേനാംഗങ്ങളും ഭാഗമാകും. സന്ദർശനവേളയിൽ നാവികസേനയ്ക്കുള്ള 26 റാഫേൽ യുദ്ധവിമാനങ്ങൾക്കായുള്ള കരാറില്‍ ഒപ്പിടും. ഇതുകൂടാതെ പ്രതിരോധം, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളിലുൾപ്പെടെ ഇന്ത്യ – ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്താനും സന്ദര്‍ശനം ഉപകരിക്കുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് പാരീസിലെത്തുന്ന പ്രധാനമന്ത്രി സെനറ്റ്, നാഷണൽ അസംബ്ലി പ്രസിഡന്റുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിക്കുവേണ്ടി ഇമ്മാനുവൽ മാക്രോൺ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. നാളെ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും അത്താഴവിരുന്ന് സംഘടിപ്പിക്കുന്നത്. ഫ്രാൻസിലെ ഇന്ത്യൻ പ്രവാസികൾ, ഇന്ത്യൻ – ഫ്രഞ്ച് കമ്പനികളുടെ മേധാവികൾ, പ്രമുഖവ്യക്തികൾ എന്നിവരുമായി പ്രധാനമന്ത്രി സംവദിക്കുന്നുണ്ട്. തുടര്‍ന്ന് 15-ന്, ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലേക്കു തിരിക്കുന്ന പ്രധാനമന്ത്രി എച്ച്.എച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.

Latest News