ഹോങ്കോങ്ങിൽ നിന്നെത്തിയ അഭയാർത്ഥികളുമായുള്ള കൂടിക്കാഴ്ചയിൽ ചൈനീസ് ചാരൻറെ നുഴഞ്ഞു കയറ്റ ശ്രമം. ലണ്ടനിലെ ബ്രിട്ടീഷ് ഹൗസ് ഓഫ് പാർലമെന്റിൽ നടന്ന ചർച്ചയിലേക്കാണ് ചൈനീസ് ചാരൻ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്. ഈ മാസം അഞ്ചാം തീയതിയാണ് സംഭവം നടന്നതെന്നാണ് ബ്രിട്ടീഷ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.
ചൈനയുടെ ഹോങ്കോങ് അധിനിവേശത്തിനെതിരെ സ്വാതന്ത്ര്യസമരം നടത്തിയതിനെ തുടർന്ന്, ലണ്ടനിൽ അഭയാർത്ഥികളായി രക്ഷപെട്ട് എത്തിയവരുമായി ബ്രിട്ടീഷ് എം പിമാർ നടത്തിയ കൂടിക്കാഴ്ചയിൽ ചൈനീസ് ചാരൻ കടന്നുകയറുകയായിരുന്നു. സ്വാതന്ത്ര്യസമരത്തിനായി പോരാട്ടം നടത്തി ചൈനീസ് സർക്കാർ നോട്ടപ്പുള്ളികളാക്കിയ ഫിൻ ലാവു, ക്രിസ്റ്റഫർ മൂങ് എന്നിവർക്കാണ് ബ്രിട്ടീഷ് എംപിമാരുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ഉണ്ടായിരുന്നത്. ഇരുവരുടേയും തലയ്ക്ക് ഒരു കോടി രൂപ വീതം ചൈനീസ് സർക്കാർ വിലയിട്ടിരുന്നു. ഈ കൂടിക്കാഴ്ചയിലേക്കാണ് ചൈനാക്കാരനായ ഒരാൾ കയറിയിരിക്കാൻ ശ്രമിച്ചത്. എന്നാൽ അതിഥികളുടെ പട്ടികയിൽ ഇയാളുടെ പേര് ഉണ്ടായിരുന്നില്ല. തുടർന്ന് അധികൃതർ ചോദ്യം ചെയ്തെങ്കിലും വഴി തെറ്റി എത്തിയതാണെന്നായിരുന്നു ചൈനീസ് ചാരൻറെ മറുപടി.
“പാർലമെന്റ് മന്ദിരത്തിനകത്തേക്ക് പോലും ചാരന്മാരെ പറഞ്ഞുവിടുന്നത് ബ്രിട്ടനെ നേരിട്ട് ആക്രമിക്കുന്നത് പോലെ ഗുരുതരമാണ്” എംപി അലീഷ്യാ കേൺസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർലമെന്റിനുള്ളിൽ പോലും ജനപ്രതിനിധികൾ സുരക്ഷിതരല്ല എന്ന അവസ്ഥയാണ്. എത്രത്തോളം ഗുരുതരമാണ് ചൈന ചെയ്ത പാതകം എന്ന് അന്താരാഷ്ട്ര സമൂഹം മനസിലാക്കണം. അതിശക്തമായ താക്കീത് ചൈനയ്ക്ക് നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അവർ പറഞ്ഞു