തുറന്ന എഴുത്തുകളിലൂടെ പ്രതിരോധത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുകയും തലമുറകൾക്കപ്പുറവും അത് പകർന്ന് കൊടുക്കുകയും ചെയ്ത വിഖ്യാത എഴുത്തുകാരൻ മിലൻ കുന്ദേര വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പാരിസിൽ വച്ചായിരുന്നു അന്ത്യം. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാർത്ത പുറത്തുവിട്ടത്. ചെക്കോസ്ലാവാക്യയിൽ ജനിച്ച കുന്ദേര, നാട്ടിലെ പൗരത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നാടുകടത്തപ്പെട്ടിരുന്നു. അധികാരത്തിൻറെ മറവിക്കെതിരെ പോരാട്ടം നടത്തി ശ്രദ്ധേയനായ കുന്ദേരയെക്കുറിച്ചറിയാം.
ചെക്കോസ്ലോവാക്യയിലെ ബ്രണോയിൽ 1929 ഏപ്രിൽ ഒന്നിനാണ് മിലൻ കുന്ദേരയുടെ ജനനം. ചെക്ക് സംസ്‌കാരവും സോഷ്യലിസവും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഹൈസ്‌കൂൾ പഠനത്തിന് ശേഷം 1948 ൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. എന്നാൽ കൃത്യം രണ്ട് വർഷത്തിന് ശേഷം വിദ്വേഷ ചിന്തകൾക്കും വ്യക്തികേന്ദ്രീകരണത്തിനും പ്രാധാന്യം നൽകിയെന്നാരോപിച്ച് അദ്ദേഹം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇതിന്റെ അനന്തര ഫലമായി കുന്ദേരയ്ക്ക് ചലച്ചിത്ര അക്കാദമിയിലെ സംഗീത-സാഹിത്യ പഠനവും ഉപേക്ഷിക്കേണ്ടി വന്നു.
സോഷ്യലിസ്റ്റ് റിയലിസത്തെ കുറിച്ചുള്ള 1953 ൽ പുറത്തിറങ്ങിയ ‘മാൻ എ വൈഡ് ഗാർഡൻ’ എന്ന കവിതാസമാഹാരത്തിലൂടെയാണ് മിലൻ കുന്ദേര സാഹിത്യ ലോകത്തേയ്ക്ക് അരങ്ങേറ്റം നടത്തിയത്. പിന്നീട് അദ്ദേഹം വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും വീണ്ടും പുറത്താക്കപ്പെടുകയും ചെയ്തു. ഇതോടെ പാർട്ടിയുമായുള്ള ബന്ധം കൂടുതൽ വഷളായി. അങ്ങനെ ആദ്യം പുറത്താക്കുന്നതിന് കാരണമായ വ്യക്തിഗത പ്രവണതകൾ പാർട്ടിയിൽ വീണ്ടും ചർച്ചയായി. പ്രാഗ് വസന്തത്തിനെതിരെയുള്ള അക്രമാസക്തമായ അടിച്ചമർത്തലിനെതിരെ കുന്ദേര ശബ്ദം ഉയർത്തിയതോടെ 1969 ൽ എഴുത്തുകാരുടെ സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ടു. കൂടാതെ ഫിലിം അക്കാദമിയിൽ അദ്ദേഹത്തിന്റെ അധ്യാപന പ്രവർത്തനങ്ങൾ നിർത്തുകയും നാടകങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഇതിനു പുറമേ കുന്ദേരയുടെ പ്രസിദ്ധീകരണങ്ങൾ പുസ്തകശാലകളിൽ വിൽപ്പനയ്ക്ക് വയ്ക്കുന്നത് നിരോധിക്കുകയും ചെയ്തു.
വ്യക്തികളുടെ വികാരങ്ങളെയും വിചാരങ്ങളെയും അതിസൂക്ഷ്മമായി നോവലിലേയ്ക്ക് ഒപ്പിയെടുത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. പാർട്ടിയിൽ പരിഷ്‌കരണങ്ങൾ വേണമെന്നാവശ്യപ്പെട്ട് കൊണ്ട് രൂപീകരിക്കപ്പെട്ട രാഷ്ട്രീയ കൂട്ടായ്മയായി പ്രാഗ് വസന്തത്തിന്റെ നേതൃത്വത്തിൽ നടന്ന മുന്നേറ്റത്തിൽ കുന്ദേര പങ്കാളിയായതായിരുന്നു ചെക്ക് സർക്കാരിനെ ചൊടിപ്പിച്ചത്. ഇതാണ് അദ്ദേഹത്തിന്റെ പൗരത്വം നിഷേധിക്കുന്നതിന് വരെ കാരണമായതും. 1979 ൽ ചെക്കോസ്ലോവാക്യയിൽ പൗരത്വം നിഷേധിച്ച മിലൻ കുന്ദേര പിന്നീട് ഫ്രാൻസിലേയ്ക്കാണ് കുടിയേറുന്നത്. 1981 ൽ കുന്ദേരയ്ക്കും ഭാര്യയ്ക്കും 1981ൽ ഫ്രഞ്ച് സർക്കാർ പൗരത്വം നൽകി. നിരോധനമേർപ്പെടുത്തിയപ്പോഴും മിലൻ കുന്ദേര തന്റെ എഴുത്ത് തുടർന്നിരുന്നു.
ഫെസ്റ്റിവൽ ഓഫ് ഇൻസിഗ്നിഫിക്കൻസ് ആണ് കുന്ദേരയുടെ അവസാനത്തെ നോവൽ. ലൈഫ് ഈസ് എൽസ്വെയർ , ദി ഫെയർവെൽ വാൾട്ട്‌സ് എന്നീ നോവലുകൾ ഫ്രാൻസിലാണ് പ്രസിദ്ധീകരിച്ചത്. ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്, ദി ജോക്ക് തുടങ്ങിയവയാണ് മറ്റു പ്രശസ്ത കൃതികൾ.