Sunday, November 24, 2024

അധ്യാപകന്റെ കൈവെട്ടിയ കേസിൽ ശിക്ഷ വിധിച്ചു

ചോദ്യപേപ്പർ വിവാദത്തിൽ തൊടുപുഴ ന്യുമാൻ കോളേജിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ ആദ്യ മൂന്ന് പ്രതികൾക്ക് ജീവപര്യന്ത്യം തടവും പിഴയും. രണ്ടാം പ്രതി സജിൽ , മൂന്നാം പ്രതി ആലുവ നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്കാണ് പ്രത്യേക എന്‍ ഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും എൻഐഎ കോടതി ജഡ്ജി അനിൽ ഭാസ്കരർ വിധിയില്‍ വ്യക്തമാക്കി.

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവിനും കോടതി വിധിച്ചു. അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ രണ്ടാം ഘട്ട വിചാരണ നേരിട്ട ആറ് പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചത്. 9, 11, 12 പ്രതികൾ മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ആയതിനാൽ വിധി നടപ്പാക്കുന്നതിന് ഒരു മാസത്തേക്ക് സ്റ്റേയും അനുവദിച്ചു.

ആദ്യ മൂന്ന് പ്രതികൾ വിവിധ വകുപ്പുകളിൽ 2,85000 പിഴ ഒടുക്കണം. പ്രതികളുടെ പിഴ സംഖ്യയിൽ നിന്ന് പ്രൊഫസർ ടി ജെ ജോസഫിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. അവസാന മൂന്ന് പ്രതികൾ 20,000 രൂപയും പിഴയോടുക്കണം എന്നും കോടതി വ്യക്തമാക്കി.

സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കിയ പ്രതികൾക്കുള്ള ശിക്ഷ വിധിക്കുന്നത്. ആദ്യഘട്ട വിചാരണ നേരിട്ട 31 പേരിൽ 13 പേരെ നേരത്തെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

Latest News