Monday, November 25, 2024

ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സൈന്യത്തിന്റെ മഹത്തായ കുരിശ് സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍

ദ്വിദിന സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഫ്രാന്‍സിലെ പരമോന്നത പുരസ്കാരം സമ്മാനിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. ‘സൈന്യത്തിന്റെ മഹത്തായ കുരിശ്’ എന്നറിയപ്പെടുന്ന ‘ഗ്രാന്‍‍ഡ് ക്രോസ് ഓഫ് ലീജന്‍ ഓഫ് ഓണര്‍’ എന്ന പുരസ്കാരമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. ഇതോടെ ഈ പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി മാറി.

“ഇന്തോ – ഫ്രഞ്ച് പങ്കാളിത്തത്തിന്റെ ആത്മാവ് ഉൾക്കൊള്ളുന്ന ഊഷ്മളമായ അടയാളം. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഫ്രാൻസിലെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ ഇന്ത്യന്‍ പ്രധാനമന്ത്രിക്കു സമ്മാനിച്ചു” – വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് മോദിക്കായി മക്രോൺ എൽസി പാലസിൽ വച്ച് ഒരുക്കിയ സ്വകാര്യ അത്താഴവിരുന്നിൽ വച്ചായിരുന്നു പുരസ്കാരം സമ്മാനിച്ചത്. പുരസ്കാരത്തിന് ഇന്ത്യൻജനതയുടെ പേരിൽ മോദി മാക്രോണിന് നന്ദി പറഞ്ഞു.

ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൻ മണ്ടേല, ചാൾസ് മൂന്നാമൻ രാജാവ്, മുൻ ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ, യുഎൻ മുൻ സെക്രട്ടറി ജനറൽ ബൗട്രസ് ഘാലി തുടങ്ങിയവര്‍ക്ക് നേരത്തേ ഈ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. അതേസമയം, ഔദ്യോഗികസന്ദര്‍ശനത്തിനായി വ്യാഴാഴ്ച ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധമേഖലയിലെ പങ്കാളിത്തം വർധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest News