കലാകാരന്മാർക്ക് മെച്ചപ്പെട്ട തൊഴിൽസാഹചര്യവും ലാഭവിഹിതവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹോളിവുഡ് സിനിമാ – ടിവി താരങ്ങള്‍ പണിമുടക്കും. തിരക്കഥാകൃത്തുക്കളുടെ സംഘടന ആഹ്വാനം ചെയ്ത പണിമുടക്കിന് അഭിനേതാക്കളുടെ സംഘടനയായ സ്ക്രീൻ ആക്‌ടേഴ്‌സ് ഗിൽഡും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 60 വർഷത്തിനിടെ ഹോളിവുഡ് സാക്ഷ്യം വഹിക്കുന്ന സിനിമാപ്രവർത്തകരുടെ ഏറ്റവും വലിയ പണിമുടക്കാണിത്.
കഴിഞ്ഞ ദിവസം പാരാമൗണ്ട്, വാർണർ ബ്രോസ്, ഡിസ്നി എന്നീ വിതരണ-സ്ട്രീമിങ് വമ്പന്മാരുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഇന്ന് ഉച്ചയ്ക്ക്, ഇന്ത്യൻ സമയം 12.30 മുതൽ താരങ്ങൾ ഷൂട്ടിങ്ങുകളിൽ നിന്നും പ്രൊമോഷൻ പരിപാടികളിൽ നിന്നുമെല്ലാം വിട്ടുനിൽക്കും. തൊഴിൽസാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യങ്ങൾക്കുപുറമെ, നിർമ്മിതബുദ്ധിയുടെ സഹായം തേടി കലാകാരന്മാരെ മാറ്റിനിര്‍ത്തരുതെന്ന ആവശ്യവും സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നു. കൂടാതെ, സെൽഫ്-ടേപ്പ്ഡ് ഓഡിഷനുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനും നിര്‍ദേശമുണ്ട്.
സമരത്തെ സംബന്ധിച്ച് സംഘടന പുറത്തിറക്കിയ പ്രസ്താവനപ്രകാരം അഭിനയം, പാട്ട്, നൃത്തം, ആക്ഷൻ, പപ്പീറ്ററിങ് അല്ലെങ്കിൽ മോഷൻ ക്യാപ്ചർ കലാകാരന്മാർ എന്നിവരെല്ലാം സമരത്തിൽ പങ്കെടുക്കും. പണിമുടക്കിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളായ ടൊറന്റോ, വെനീസ് എന്നിവ മുടങ്ങില്ലെങ്കിലും എമ്മി അവാർഡ്‌സിന്റെ തീയതി മാറ്റിവയ്ക്കുമെന്നാണ് സൂചനകള്‍.