കഥയും നോവലും തിരക്കഥയും ഉൾപ്പടെ തൊട്ടതെല്ലാം പൊന്നാക്കിയ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി.വാസുദേവൻ നായർ 90ൻറെ തികവിൽ. വായനയുടെയും എഴുത്തിന്റെയും ലോകത്ത് പ്രവേശിക്കുന്ന ഏതൊരാളും ആദരവോടെ പറയുന്ന രണ്ടക്ഷരമാണ് എംടി എന്നുള്ളത്. മനുഷ്യരായി ജീവിക്കാൻ കഴിയുന്ന ഇടമായി ഈ നാട് തുടരണമെന്നു എംടി ആഗ്രഹിച്ചു. അതിന്റെ കൂടി പ്രതിസ്പന്ദനങ്ങളാണ് എംടിയുടെ എഴുത്തിൽ പ്രതിഫലിച്ചിരുന്നത്. എംടി എഴുതിയതെല്ലാം മലയാളിയുടെ സ്വകാര്യ അഹങ്കാരമായി മാറി. ഈ ഒരു മനോഭാവം മറ്റൊരു എഴുത്തുകാരനോടും മലയാളി കാണിച്ചിട്ടില്ല എന്നതാണ് യഥാർത്ഥ്യം.
പുന്നയൂർക്കുളത്തുക്കാരനായ ടി.നാരായണൻ നായരുടെയും (തെണ്ട്യേത്ത് നാരായണൻ നായർ) കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും മകനാണ് എംടി. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു അദ്ദേഹത്തിൻറെ കുട്ടിക്കാലം. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിൽ പ്രാഥമിക വിദ്യാഭ്യാസവും പിന്നീട്, മലമക്കാവ് എലിമെന്ററി സ്കൂളിലും കുമരനെല്ലൂർ ഹൈസ്ക്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഐച്ഛിക വിഷയമായി രസതന്ത്രം തിരഞ്ഞെടുത്ത് പാലക്കാട് വിക്ടോറിയ കോളേജിൽ ഉപരിപഠനം നടത്തി. ഒരു ജോലി ലഭിക്കാനുള്ള സാധ്യത പരിഗണിച്ചായിരുന്നു ഇത്.
കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ഒന്ന് രണ്ട് സ്കൂളുകളിൽ അധ്യാപകനായി എംഡി ജോലി ചെയ്തിരുന്നു. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും അദ്ദേഹം അത് രാജിവച്ചതായി പറയപ്പെടുന്നു. തുടർന്ന് മാതൃഭൂമിയിൽ ചേർന്നു. സ്കൂൾവിദ്യാഭ്യാസ
കാലത്തു തന്നെ സാഹിത്യരചന ആരംഭിച്ച എംടി കോളേജ് കാലത്ത് തന്നെ ജയകേരളം മാസികയിൽ അദ്ദേഹത്തിൻറെ കഥകൾ അച്ചടിച്ച് വന്നിരുന്നു. വിക്റ്റോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോൾ ‘രക്തം പുരണ്ട മൺതരികൾ’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടി. ഇതോടെയാണ് മലയാളസാഹിത്യത്തിൽ അദ്ദേഹം ശ്രദ്ധേയനായിത്തീർത്തത്.
എംടിയുടെ രണ്ടാമൂഴം വായനക്കാർക്ക് മുന്നിൽ തുറന്നുനൽകിയത് ആസ്വാദനത്തിൻറെ മറ്റൊരു തലമാണ്. ഇതുപോലെ ഭീമന്റെ ആവിഷ്ക്കാരം ഇന്ത്യൻ സാഹിത്യ ചരിത്രത്തിലില്ല. ഇങ്ങനെ ഇതിഹാസങ്ങൾക്കും ചരിത്രങ്ങൾക്കുമെല്ലാം വേറിട്ട കാഴ്ചപ്പാടുകൾ എംടി സൃഷ്ടിക്കുക തന്നെ ചെയ്തു. ചതിയൻ ചന്തു ചതിയനല്ലാതായി മാറിയത് എംടിയുടെ വടക്കൻ വീരഗാഥയിലൂടെയാണ്. ഇതിഹാസങ്ങൾ പുനർ സൃഷ്ടിച്ചുകൊണ്ടിരുന്ന ആഴവും പരപ്പുമുള്ള എഴുത്തിലൂടെ എംടി മലയാളിയുടെ ഇതിഹാസം തന്നെയായി മാറി. പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നൽകിയാണ് എഴുത്തിൻറെ പെരുന്തച്ഛനെ രാജ്യം ആദരിച്ചത്. എംടി പിറന്നാൾ ആഘോഷിക്കാറില്ലെങ്കിലും എംടിയുടെ നവതി മലയാളികളും സാഹിത്യ ലോകവും ആഘോഷമായി മാറ്റുകയാണ്