വംശീയകലാപം തുടരുന്ന മണിപ്പൂരില്‍ ഒരു സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കേസിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഒമ്പതുപേരെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് രണ്ട് ആയുധങ്ങളും അഞ്ച് വെടിയുണ്ടകളും ഒരു കാറും പോലീസ് പിടിച്ചെത്തു.
മുഖത്ത് വെടിയേറ്റ 50 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹം ശനിയാഴ്ച വൈകുന്നേരമാണ് ഈസ്റ്റ് സാവോംബംഗ് മേഖലയിലെ താമസസ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്തത്. ഇരയുടെ മുഖം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളതായി കരുതപ്പെടുന്ന ഇര മാറിംഗ്, നാഗ സമുദായത്തിൽപെട്ടയാളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മൃതദേഹം കണ്ടെത്തിയ ഉടൻതന്നെ പോലീസ് പ്രദേശം വളയുകയും പ്രതികൾക്കായി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. കൊലയാളികളെ തിരിച്ചറിഞ്ഞ് നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പ്രദേശവാസികളുടെ മൊഴികളും രേഖപ്പെടുത്തി. പിന്നാലെയാണ് സ്ത്രീയുടെ കൊലപാതകത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഒമ്പതുപേരെ അറസ്റ്റ് ചെയ്തതായി മണിപ്പൂർ പോലീസ് ഔദ്യോഗിക പ്രസ്താവനയിറക്കിയത്.