Sunday, November 24, 2024

ഇറാനില്‍ സദാചാര പോലീസ് പെട്രോളിങ് പുനരാരംഭിക്കും: ഇസ്ലാമിക രീതിയിലുള്ള വസ്ത്രം നിര്‍ബന്ധമാക്കി

സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് ഉറപ്പുവരുത്താന്‍ സദാചാര പോലീസിന്റെ പട്രോളിങ് പുനരാരംഭിച്ച് ഇറാന്‍ ഭരണകൂടം. മഹ്സ അമിനിയുടെ മരണശേഷം രാജ്യത്തുയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തലാക്കിയ സദാചാര പോലീസിങ്ങാണ് വീണ്ടും ആരംഭിക്കുന്നത്. ഹിജാബ് ഉള്‍പ്പടെ പൂര്‍ണ്ണമായും ഇസ്ലാമികരീതിയിൽ സ്ത്രീകൾ വസ്ത്രം ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പട്രോളിങ്.

ശരീ-അത്ത് നിയമം അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്രധാരണം നിര്‍ബന്ധമാക്കിയ രാജ്യമാണ് ഇറാന്‍. ഈ നിയമപ്രകാരം സ്ത്രീകള്‍ നിര്‍ബന്ധമായും ശിരോവസ്ത്രം കൊണ്ട് മുടി മറയ്ക്കുകയും നീണ്ടതും അയഞ്ഞതുമായ വസ്ത്രം കൊണ്ട് ശരീരം മറയ്ക്കുകയും വേണം. ഇത് ഉറപ്പാക്കാന്‍ രാജ്യത്തെ തെരുവുകളിൽ പരിശോധന കർശനമാക്കാനാണ് സദാചാരപോലീസിന് ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിയമങ്ങള്‍ പാലിക്കാത്ത സ്ത്രീകള്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുമെന്ന് പോലീസ് വക്താവ് സയീദ് മൊണ്ടസോറോള്‍ മഹ്ദി അറിയിച്ചു. എന്നിട്ടും നിയമം അനുസരിക്കാന്‍ തയാറായില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മഹ്സയുടെ ശവസംസ്‌കാര ചടങ്ങിനിടെ നൂറുകണക്കിന് സ്ത്രീകള്‍ ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചിരുന്നു. പിന്നീട് മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കു വഴങ്ങി സദാചാര പോലീസിങ്ങിൽ നിന്ന് ഇറാൻ ഭരണകൂടം പിന്നോട്ടുപോയിരുന്നു. എന്നാല്‍ ഹിജാബ് പരിശോധന പുനരാരംഭിക്കണമെന്ന ആവശ്യവുമായി തീവ്ര ഇസ്ലാമികസംഘടനകൾ അന്നുമുതലേ രംഗത്തെത്തിയതോടെയാണ് വീണ്ടും സദാചാര പോലീസ് പട്രോളിങ് പുനഃരാരംഭിക്കാന്‍ ഒരുങ്ങുന്നത്.

Latest News