പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനത്തിനൊരുങ്ങി. ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 710 കോടി രൂപ ചെലവിലാണ് പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണം.
കേന്ദ്രഭരണ പ്രദേശമായ അൻഡമാർ-നിക്കോബാർ ദ്വീപിലേക്കുള്ള യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏകദേശം 40,800 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ ടെര്‍മിനലില്‍ പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. ഒരേസമയം 10 വിമാനങ്ങള്‍ക്ക് ഇവിടെ പാര്‍ക്കിംഗ് സാധ്യമാണ്. പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കെട്ടിടത്തില്‍ ചൂട് കൂടുന്നത് നിയന്ത്രിക്കാന്‍ ഡബിള്‍ ഇന്‍സുലേറ്റഡ് റൂഫിംഗ് സിസ്റ്റം ആണ് ഉപയോഗിച്ചിരിക്കുന്നത്.
എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ രൂപകല്‍പ്പന ഒരു ശംഖിന്റെ ആകൃതിയോട് സാമ്യമുള്ളതാണ്. ഇത് ചുറ്റുമുള്ള കടലിനെയും ദ്വീപുകളെയുമാണ് പ്രതീകപ്പെടുത്തുന്നു. ഇത് കൂടാതെ കൃത്രിമ വിളക്കുകള്‍ കുറയ്ക്കുന്നതിന് പകല്‍ സമയത്ത് പരമാവധി സൂര്യപ്രകാശം ലഭിക്കുന്നതിനുള്ള സ്കൈലൈറ്റുകള്‍, എല്‍ഇഡി ലൈറ്റിംഗ് എന്നിവയും ടെര്‍മിനലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഴവെള്ള സംഭരണ സംവിധാനം, മലിനജല സംസ്കരണ പ്ലാന്റ്, സോളാര്‍ പവര്‍ പ്ലാന്റ് എന്നിവയും ഈ ടെര്‍മിനലിന്റെ സവിശേഷതയാണ്.