Monday, November 25, 2024

സംസ്ഥാന ചലച്ചിത്രപുരസ്‌കാര പ്രഖ്യാപനം വെള്ളിയാഴ്ച

2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാര പ്രഖ്യാപനം വെള്ളിയാഴ്ചയിലേക്കു മാറ്റി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ പുരസ്കാര പ്രഖ്യാപനം ബുധനാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നുദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് 2023-ലെ സംസ്ഥാന ചലച്ചിത് പുരസ്‌കാര പ്രഖ്യാപനം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.

ബം​ഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഈ വര്‍ഷത്തെ പുരസ്കാരജേതാക്കളെ കണ്ടെത്തുന്നത്. എഴുത്തുകാരായ വി.ജെ. ജെയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകന്‍ റോയ് പി. തോമസ്, നിര്‍മ്മാതാവ് ബി. രാകേഷ്, സംവിധായകന്‍ സജാസ് റഹ്‌മാന്‍, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരന്‍ എന്നിവരാണ് പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍.

രണ്ട് ഘട്ടങ്ങളിലായാണ് ചലച്ചിത്രപുരസ്കാരങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ ജൂറി കണ്ട് വിലയിരുത്തിയ 154 ചിത്രങ്ങളില്‍ നിന്നും 42 ചിത്രങ്ങളാണ് രണ്ടാം റൗണ്ടില്‍ മത്സരിക്കുക. ഇതില്‍ നിന്നും പുരസ്കാരജേതാക്കളെ ജൂറി കണ്ടെത്തും. ‘എന്നാ താന്‍ കേസ് കൊട്’, ‘ഭീഷ്മപര്‍വം’, ‘റോഷാക്ക്’, ‘ജനഗണമന’, ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങള്‍ തമ്മിലാണ് മത്സരം. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ നന്‍പകല്‍ നേരത്ത് മയക്കം അവസാന റൗണ്ടില്‍ എത്തിയതായാണ് സൂചന. കുഞ്ചാക്കോ ബോബൻ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരാണ് നടന്മാരുടെ പട്ടികയില്‍ മത്സരത്തിലുള്ളതെന്നാണ് സൂചന. മികച്ച സംവിധായകനുള്ള പുരസ്‌കാരത്തില്‍ ലിജോ ജോസ് പെല്ലിശേരിയും അറിയിപ്പ് സിനിമ സംവിധായകന്‍ മഹേഷ് നാരായണനും തമ്മിലാണ് മത്സരം.

Latest News