മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബാംഗ്ലൂരിലെ ആശുപത്രിയിൽ വച്ചു ഇന്ന് പുലർച്ചെ ആയിരുന്നു മരണം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിട്ടുണ്ട്.
അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു ഉമ്മൻ ചാണ്ടി. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും രണ്ടു തവണയായി ഏഴുവർഷം മുഖമന്ത്രിയായി അദ്ദേഹം സേവനം ചെയ്തു.
ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആ വലിയ ജന പിന്തുണയാണ് പ്രതിസന്ധികളുടെയും വിവാദ ആരോപണങ്ങളുടെയും കൊടുങ്കാറ്റിലും ഉലയാതെ അദ്ദേഹത്തെ പിടിച്ചു നിർത്തിയത്.