Sunday, April 20, 2025

ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം ഇന്ന് തിരുവനന്തപുരത്തെത്തിക്കും; സംസ്‌കാരം വ്യാഴാഴ്ച

ബെംഗളൂരുവില്‍ ചികിത്സയിലിരിക്കെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. കെപിസിസി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും സെക്രട്ടേറിയറ്റിലും പൊതുദര്‍ശനത്തിനു വയ്ക്കുമെന്നാണ് വിവരം. വ്യാഴാഴ്ച 2.30-ന് പുതുപ്പള്ളിയിലാണ് സംസ്കാരം.

ബെംഗളൂരുവില്‍ നിന്ന് എയര്‍ ആംബുലന്‍സിലാണ് മൃതദേഹം തിരുവനന്തപുരത്തെത്തുക. പിന്നീട് ജഗതിയിലെ വസതിയിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. തുടര്‍ന്ന് ദർബാർ ഹാളിൽ പൊതുദർശനത്തിനു വയ്ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. പൊതുദർശനത്തിനുശേഷം കെപിസിസി ഓഫീസിലും പൊതുദർശനമുണ്ടാകും. തുടര്‍ന്ന് ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും.

നാളെ രാവിലെ ഏഴിനാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകുക. തുടര്‍ന്ന് ആദ്യം തിരുനക്കര മൈതാനത്ത് പൊതുദർശനത്തിനു വയ്ക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിൽ ന​ഗരംചുറ്റി വിലാപയാത്രയും നടക്കും. മറ്റന്നാൾ ഉച്ചയ്ക്ക് 2.30-ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.a

Latest News