യമുനാനദിയിലെ ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവര്‍ അവിടെത്തന്നെ തുടരണമെന്ന് ഡൽഹി സർക്കാർ. നേരിയതോതില്‍ വെള്ളപ്പൊക്കത്തിന് ശമനം ലഭിച്ചതിനുപിന്നാലെ ആളുകള്‍ വീടുകളിലേക്ക് മടങ്ങിപ്പോകുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. വെള്ളപ്പൊക്കത്തെ തുടർന്ന് തകർന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും പുനർനിർമാണവും ആരംഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഹരിയാനയിലെ ചില പ്രദേശങ്ങളില്‍ കനത്തമഴ പെയ്തതിനെ തുടര്‍ന്ന് യമുനയിലെ ജലനിരപ്പ് ചെറുതായി വീണ്ടും ഉയർന്നിരുന്നു. ഇത് തുടർന്നാൽ ഒറ്റരാത്രി കൊണ്ട് 206.1 മീറ്ററിലെത്താൻ കഴിയുമെന്നാണ് കേന്ദ്ര ജലകമ്മീഷൻ കണക്കാക്കുന്നത്. ഇതേ തുടർന്നാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരോട് വീടുകളിലേക്ക് മടങ്ങരുതെന്ന് ഡൽഹി മന്ത്രി അതിഷി അഭ്യർഥിച്ചത്. “ജലനിരപ്പ് അപകടരേഖയ്ക്ക് താഴെയായതിനുശേഷം മാത്രം നിങ്ങളുടെ വീടുകളിലേക്കു മടങ്ങുക” – അതിഷി ട്വീറ്റിൽ പറഞ്ഞു.
അതേസമയം, വെള്ളപ്പൊക്കം കാരണം റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഈ വെള്ളം പമ്പ് ചെയ്ത് കളയുകയും റോഡിലെ ചെളിയും മറ്റും നീക്കം ചെയ്യുകയും ചെയ്യുന്നുണ്ട്. ഡല്‍ഹിയിലെ റിംഗ് റോഡിൽ ഗതാഗതം പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ റോഡുകളിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന് ഡൽഹി ട്രാഫിക് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അടുത്തിടെ പെയ്ത കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തിനു സമാനമായ ഏറ്റവും മോശം സാഹചര്യത്തെയാണ് ഡൽഹി നേരിട്ടത്.