Monday, November 25, 2024

വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിട്ടും പോളിംങ് 95%: പശ്ചിമ ബംഗാള്‍ ത്രിതല തിരഞ്ഞെടുപ്പില്‍ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി

പശ്ചിമ ബംഗാളിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർമാർ വിട്ടുനിന്നിട്ടും പോളിങ് ശതമാനം ഉയർന്നതിൽ അന്വേഷണം നടത്താൻ കൽക്കട്ട ഹൈക്കോടതിയുടെ നിർദേശം. രാജർഹട്ടിലെ ഒരു മണ്ഡലത്തില്‍ നടന്ന പോളിംങിനെതിരെയാണ് കോടതി അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. മുൻ മന്ത്രി ഗൗതം ദേവിന്റെ മകൻ സപ്തർഷി ദേവ് നൽകിയ പരാതിയെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.

ജംഗ്ര ഹതിയാര മണ്ഡലത്തിലെ രണ്ടാം നമ്പർ പഞ്ചായത്ത് ബൂത്തിലെ നിരവധി വോട്ടർമാർ തിരഞ്ഞെടുപ്പ് തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. എന്നിട്ടും ബൂത്തിലെ പോളിങ് ശതമാനം 95 ശതമാനം ആയതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. ഈ സാഹചര്യത്തില്‍ സപ്തർഷി ദേവ് നൽകിയ പരാതിയെ തുടർന്ന് കൽക്കട്ട ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ ഡയറക്ടർ ജനറലിനോടും ഇൻസ്‌പെക്ടർ ജനറലിനോടും ജസ്റ്റിസ് അമൃത സിൻഹ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് രാജർഹട്ടിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർക്കും സമൻസ് അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നടപടി ഒന്നും എടുത്തിരുന്നില്ല, തുടർന്നാണ് കോടതിയുടെ ഇടപെടൽ. ഹർജിക്കാരുടെ ആരോപണത്തിൽ അന്വേഷണം നടത്താനും ഓഗസ്റ്റ് മൂന്നിന് അടുത്ത വാദം കേൾക്കുമ്പോൾ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസ് സിൻഹ ആവശ്യപ്പെട്ടു.

Latest News