Sunday, April 20, 2025

ഉഷ്ണതരംഗത്തെ തുടര്‍ന്ന് ഗ്രീസില്‍ കാട്ടുതീ പടരുന്നു: കൂട്ട ഒഴിപ്പിക്കല്‍ തുടര്‍ന്ന് ഭരണകൂടം

ഉഷ്ണതരംഗത്തെ തുടർന്ന് ഗ്രീസിലെ റോഡ്സിൽ പടരുന്ന കാട്ടുതീയ്ക്ക് ശമനമില്ലത്തതിനാൽ ദ്വീപ് നിവാസികളെ മേഖലയിൽ നിന്നും ഒഴിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിൽ ഏറെയായി തുടരുന്ന കാട്ടു തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കാതെ വന്നതിനെ തുടർന്നാണ് നടപടി. അതിനിടെ, നിലവിലെ ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കനത്ത ചൂടിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച പർവതപ്രദേശത്ത് പടർന്ന തീ, ഇടതൂർന്ന വനപ്രദേശമാകെ കത്തിക്കയറുകയായിരുന്നു. തുടർന്നു ദ്വീപിലെ കടൽത്തീര ഗ്രാമമായ കിയോത്താരിയിലും തീ പടർന്നു പിടിച്ചു. കാട്ടു തീ വ്യാപകമായതിനാൽ കിയോത്താരിയിലെയും ഗെന്നാദിയിലെയും ബീച്ചുകളിൽ നിന്ന് 600 ഓളം പേരെ പ്ലിമിരിയിലേക്ക് ഒഴിപ്പിക്കാനുള്ള ഓപ്പറേഷൻ തുടരുകയാണ്. പെഫ്കി, ലിൻഡോസ്, കലത്തോസ് എന്നീ ഗ്രാമങ്ങളിൽ നിന്ന് ആയിരത്തോളം ആളുകളോട് പുറത്തുപോകാൻ അധികൃതർ ആവശ്യപ്പെട്ടതായി അഗ്നിശമന സേനാ വക്താവിനെ ഉദ്ധരിച്ച് ഏഥൻസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ദ്വീപിൽ നാവിക- വ്യോമ മാർഗങ്ങളിലൂടെയാണ് ആളുകളെ ഒഴിപ്പിക്കുന്നത്. കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും മുപ്പതിലധികം സ്വകാര്യ ബോട്ടുകളും രക്ഷാ പ്രവർത്തനത്തിനായി വിന്യസിപ്പിച്ചിട്ടുണ്ട്. നേരത്തെ കിയോത്താരി, ലാർഡോസ് എന്നീ പ്രദേശങ്ങളിലെ ബീച്ചുകളിൽ നിന്ന് വിനോദസഞ്ചാരികൾ ഉൾപ്പെടെ 2,000 പേരെ ഒഴിപ്പിച്ചിരുന്നു. ദ്വീപിൽ നിന്ന് ഒഴിപ്പിച്ചവരെ ഇൻഡോർ സ്റ്റേഡിയത്തിലും ദ്വീപിലെ ഹോട്ടലുകളിലുമായാണ് പാർപ്പിച്ചിരിക്കുന്നത്. കാട്ടുതീയുടെ പശ്ചാത്തലത്തിൽ താപനില 45 ഡിഗ്രി സെൽഷ്യസ് (113 ഡിഗ്രി ഫാരൻഹീറ്റ്) എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ റോഡ്സിലും ഗ്രീസിലെ മറ്റ് പല പ്രദേശങ്ങളിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

Latest News