Sunday, April 6, 2025

വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച് കര്‍ണാടക ഹൈക്കോടതി വിധി; ഹിജാബ് അവിഭാജ്യഘടകമല്ലെന്നും വിലയിരുത്തല്‍; ഹര്‍ജികള്‍ തള്ളി

ഹിജാബ് മതപരമായി നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാലയങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച് കര്‍ണാടക ഹൈക്കോടതി. ഹിജാബ് നിരോധനം ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹരജി പരിഗണിച്ച് കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് വിധി പറഞ്ഞിരിക്കുന്നത്. ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതിവിലയിരുത്തി. മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. സര്‍ക്കാരിന് നിയന്ത്രണം നടപ്പാക്കാന്‍ അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

രാവിലെ പത്തരക്ക് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിക്ക് പുറമേ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്നതാണ് വിശാല ബെഞ്ച്.

11 ദിവസമാണ് ഹര്‍ജിയില്‍ വാദം നടന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. എന്നാല്‍ ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തില്‍ ഹിജാബ് ഉള്‍പ്പെടുത്താനാകില്ലെന്ന് കര്‍ണാടക സര്‍ക്കാറും വാദിച്ചിട്ടുണ്ട്. വിധി വരുംവരെ ക്ലാസ് മുറികളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ഉഡുപ്പി ഗവ ഗേള്‍സ് പ്രി പ്രൈമറി കോളേജിലാണ് ഹിജാബ് ധരിച്ചെത്തായ വിദ്യാര്‍ഥികള്‍ക്ക് ആദ്യം പ്രവേശനം വിലക്കിയത്. ഇതിനെ തുടര്‍ന്ന് മറ്റ് കോളേജുകളിലും ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘ് പരിവാര്‍ അനുകൂല വിദ്യാര്‍ഥികള്‍ രംഗത്ത് വന്നു. ഇതോടെ സംസ്ഥാനത്തെ കാമ്പസുകളില്‍ സംഘര്‍ഷ സാഹചര്യമുണ്ടായി. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി ഗവ ഗേള്‍സ് പ്രി പ്രൈമറി കോളേജിലെ ആറു വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി വിശാല ബെഞ്ച് ദിവസങ്ങളോളം വിശദമായ വാദം കേട്ട ശേഷം വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. ഹിജാബ് മതാചാരങ്ങളുടെ ഭാഗമല്ലെന്ന നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഹിജാബ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കാനാവില്ലെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്. യൂണിഫോം കോഡ് നിലവിലുള്ള സ്‌കൂള്‍, പ്രി പ്രൈമറി കോളേജുകളില്‍ മതചിഹ്നങ്ങള്‍ അനുവദിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി വിശാല ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇതോടെ ഹിജാബ് ധരിച്ച് കാമ്പസില്‍ എത്തിയിരുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഈ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയും എഴുതാനായില്ല.

വിധി വരുന്ന പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണര്‍ കമാല്‍ പന്ത് അറിയിച്ചിരുന്നു. ഇന്ന് മുതല്‍ 21 വരെയാണ് നിരോധനാജ്ഞ. ആഹ്ലാദപ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയ്‌ക്കെല്ലാം സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങള്‍ക്കും നിരോധനം ബാധകമാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ അംഗന്‍വാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

 

Latest News