മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനു അംഗീകാരം. എന്നാല്‍ അവിശ്വാസ പ്രമേയം എപ്പോൾ ചർച്ചക്ക് എടുക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടില്ല. ലോക്സഭയിൽ സർക്കാറിന് വ്യക്തമായ ഭൂരിപക്ഷമുള്ളതു കൊണ്ട് അവിശ്വാസ പ്രമേയം പാസാകില്ലെങ്കിലും മണിപ്പൂര്‍ വിഷയത്തില്‍ സർക്കാറിനെതിരെ പ്രതിപക്ഷത്തിന്‍റെ ശക്തമായ നിലപാട് പൊതുശ്രദ്ധയിൽ കൊണ്ടുവരാന്‍ കഴിയും.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ഭാരത് രാഷ്ട്ര സമിതിയും (BRS) നോട്ടീസ് സമര്‍പ്പിച്ചിരുന്നു. ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയാണ് ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഓഫീസില്‍ നോട്ടീസ് നല്‍കിയത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുളള ബിആര്‍എസിന്റെ നേതാവ് നാഗേശ്വര റാവുവും അവിശ്വാസപ്രമേയത്തിന് സ്പീക്കര്‍ക്ക് പ്രത്യേക നോട്ടീസ് സമര്‍പ്പിച്ചിരുന്നു.
അവിശ്വാസ പ്രമേയം ക്രമപ്രകാരമാണെന്നു കണ്ടാല്‍ സ്പീക്കര്‍ പ്രമേയം സഭയില്‍ വായിക്കും. തുടര്‍ന്ന് പ്രമേയത്തെ അനുകൂലിക്കുന്ന അംഗങ്ങളോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെടും. 50 പ്രതിപക്ഷ അംഗങ്ങളെങ്കിലും ഇതിനെ അനുകൂലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിപ്പൂര്‍ അക്രമത്തില്‍ ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം.