Tuesday, November 26, 2024

ജുഡീഷ്യല്‍ പരിഷ്‌കാര ബില്‍: പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇസ്രായേലില്‍ ഡോക്ടര്‍മാർ പണിമുടക്കി

ജുഡീഷ്യല്‍ പരിഷ്‌കാര ബില്‍ പാസ്സാക്കിയതിനെതിരായ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഇസ്രായേലില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്. ഇസ്രായേല്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്കിലാണ് ഡോക്ടര്‍മാരും പങ്കെടുത്തത്. തിങ്കളാഴ്ച പുതിയ നിയമത്തിന് ഇസ്രായേൽ പാർലമെൻറ് അംഗീകാരം നൽകിയതിനുപിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.

കോടതിയുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിനെതിരെ ചൊവ്വാഴ്ചയാണ് 24 മണിക്കൂര്‍ പണിമുടക്കിൽ ഡോക്ടര്‍മാരും പങ്കുചേര്‍ന്നത്. ജുഡീഷ്യറിയുടെ അധികാരപരിധി വെട്ടിച്ചുരുക്കി ഏകാധിപത്യത്തിലേക്കു പോകാനാണ് നെതന്യാഹുവിന്റെ നീക്കമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാരും പണിമുടക്കി പ്രതിഷേധവുമായി രംഗത്തെത്തിയത്.

പത്രങ്ങളുടെ മുന്‍പേജുകളില്‍ കറുത്തപരസ്യങ്ങള്‍ നല്‍കിയാണ് മാധ്യമങ്ങള്‍ പ്രധിഷേധമറിയിച്ചത്. ‘ഇസ്രായേലിന്റെ ജനാധിപത്യത്തിന് ഒരു കറുത്ത ദിനം’ എന്നാണ് ഒരു പ്രമുഖപത്രത്തിന്റെ മുന്‍പേജിൽ വന്ന പരസ്യം. ആശങ്കാകുലരായ ഹൈടെക്ക് തൊഴിലാളികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുകൂട്ടം ആളുകളാണ് ഈ പരസ്യം നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡോക്ടര്‍മാര്‍ക്കുപുറമെ, സര്‍ക്കാര്‍ നയത്തിനെതിരെ സൈനികരും വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രംഗത്തുണ്ട്. ജോലിക്കെത്തില്ലെന്ന് അറിയിച്ച് സൈനികമേധാവികളും ഉദ്യോഗസ്ഥരും ഒപ്പുവച്ച കത്ത് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇസ്രായേലിന്റെ അടിത്തറ ഇളക്കുന്നതാണ് ബില്ലെന്ന് കത്തില്‍ അവര്‍ വിമര്‍ശിച്ചു.

Latest News