Tuesday, November 26, 2024

‘അന്യഗ്രഹ ബഹിരാകാശ പേടകങ്ങൾ യുഎസ് കൈവശം വച്ചിരിക്കുന്നു’: വാഷിംഗ്ടണിലെ ഹൗസ് ഓവർസൈറ്റ് കമ്മിറ്റി വാദം കേട്ടു

അന്യഗ്രഹ ബഹിരാകാശ പേടകങ്ങൾ കൈവശം വച്ചിരിക്കുന്നുവെന്ന മുൻ യുഎസ് ഉദ്യോഗസ്ഥന്റെ ആരോപണത്തില്‍ വാദം കേട്ട് വാഷിംഗ്ടണിലെ ഹൗസ് ഓവർസൈറ്റ് കമ്മിറ്റി. മുൻ യുഎസ് ഇന്റലിജൻസ് ഓഫീസർ കൂടിയായ ഡേവിഡ് ഗ്രഷ് ജൂണിൽ നടത്തിയ ആരോപണത്തെ തുടര്‍ന്നാണ് ഹിയറിംങ് നടത്തിയത്.

തിരിച്ചറിയപ്പെടാത്ത ആകാശപേടകങ്ങളും മനുഷ്യരുടേതല്ലാത്ത ശരീരങ്ങളും യുഎസ് സർക്കാരിന്റെ കൈവശമുണ്ടെന്നാണ് ഗ്രഷ് ഉയര്‍ത്തിയ അവകാശവാദം. അന്യഗ്രഹജീവികളുടെ തെളിവുകൾ യുഎസ് കോൺഗ്രസിൽ നിന്ന് സർക്കാർ മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ കത്തിപ്പടർന്നതിനെ തുടർന്നാണ് റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള മേൽനോട്ടസമിതി ഗ്രേഷിന്റെ അവകാശവാദങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹൗസ് ഓവർസൈറ്റ് കമ്മിറ്റി ഗ്രേഷിന്‍റെ വാദം കേട്ടു.

അതേസമയം, താൻ ഒരിക്കലും അന്യഗ്രഹജീവികളുടെ ശരീരം കണ്ടിട്ടില്ലെന്ന് ഗ്രേഷ് സമ്മതിച്ചിട്ടുണ്ട്. തന്റെ അവകാശവാദങ്ങൾ ഉയർന്നതലത്തിലുള്ള ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായുള്ള വിപുലമായ അഭിമുഖത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അന്യഗ്രഹപേടകങ്ങള്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2023 വരെ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് ഏജൻസിക്കുവേണ്ടി വിശദീകരിക്കാത്ത അസാധാരണ പ്രതിഭാസങ്ങളുടെ (യുഎപി) വിശകലനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ഡേവിഡ് ഗ്രഷ്.

Latest News