പുതിയ ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനം നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി വെളിപ്പെടുത്തൽ. ദീർഘദൂര ഭൂതല- ഉപരിതല മിസൈൽ വ്യോമ പ്രതിരോധ സംവിധാനമാണ് രാജ്യം പുതുതായി നിർമ്മിക്കുന്നത്. ഇതു സംബന്ധിച്ച വിവരം പ്രതിരോധ വൃത്തങ്ങളാണ് പുറത്തുവിട്ടത്.
മൂന്ന് പാളികളുള്ള വ്യോമ പ്രതിരോധ സംവിധാനമാണ് ആത്മനിർഭർ ഭാരതിൻറെ ഭാഗമായി ഇന്ത്യ നിർമ്മിക്കുന്നത്. 400 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ പ്രതിരോധ സംവിധാനം ഇസ്രായേലുമായി ചേർന്ന് നിർമ്മിക്കുമെന്നാണ് സൂചന. നിർമ്മാണം ആരംഭിക്കുന്നതിനുള്ള അന്തിമഘട്ട നടപടികൾ പൂർത്തികരിച്ചെങ്കിലും മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടർപ്രവർത്തനങ്ങളിലേക്ക് കടക്കും.
പുതിയ സംവിധാനത്തിനു വളരെ ഉയരത്തിൽ പറക്കുന്ന യുദ്ധ വിമാനങ്ങളെയും മിസൈലുകളെയും നിമിഷങ്ങൾ കൊണ്ട് ചുട്ട് ചാമ്പലാക്കാൻ കഴിയുമെന്നാണ് പ്രതിരോധമന്ത്രാലയത്തിൻറെ അവകാശവാദം. മൂന്ന് പാളികൾ ഉള്ളതിനാൽ വിവിധ ദൂര പരിധിയിൽ പറക്കുന്ന ലക്ഷ്യങ്ങളെയും നിഷ്പ്രയാസം നേരിടാം. ചൈന, പാക്കിസ്ഥാൻ അതിർത്തിമേഖലകളിലാകും നിർമ്മാണ ശേഷം ഇവ വിന്യസിക്കുക. നിലവിൽ റഷ്യയിൽ നിന്നുള്ള പ്രതിരോധ സംവിധാനമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിനു പുറമെയാണ് പുതിയത് നിർമ്മിക്കുന്നത്. ഏകദേശം 2.5 ബില്യൺ ഡോളർ പുതിയ സംവിധാനത്തിന് നിർമ്മാണ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.