Tuesday, November 26, 2024

ഗുജറാത്തിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം നാടിനു സമര്‍പ്പിച്ചു

ഗുജറാത്തിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ ദ്വിദിന ഗുജറാത്ത് സന്ദര്‍ശനത്തിലാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഇനിമുതല്‍ രാജ്കോട്ട് ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം എന്ന് ഇത് അറിയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്‌കോട്ട് നഗരത്തിനു സമീപമുള്ള ഹിരാസറില്‍ 2,534 ഏക്കർ വിസ്തൃതിയിലാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 2,654 കോടി രൂപയാണ് ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്‍ന്റെ നിര്‍മ്മാണച്ചെലവ്. ‘പ്രധാൻമന്ത്രി ഗതി ശക്തി’ പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മാണം.

2017 ഒക്ടോബർ 7-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിമാനത്താവളത്തിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. എയർബസ് എ 380, ബോയിംഗ് 747, ബോയിംഗ് 777 എന്നിവ പോലെയുള്ള വൈഡ് ബോഡി വിമാനങ്ങളും കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ് ഈ വിമാനത്താവളമെന്നും അധികൃതര്‍ വ്യക്തമാക്കി. 14 വിമാനങ്ങൾ പാർക്ക് ചെയ്യാൻ അനുയോജ്യമായ സൗകര്യങ്ങള്‍ മൂന്ന് കൺവെയർ ബെൽറ്റുകൾ, 20 ചെക്ക്-ഇൻ കൗണ്ടറുകൾ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാജ്കോട്ട് നഗരത്തിലെ പഴയ വിമാനത്താവളത്തിന്റെ സ്ഥലപരിമിതി മൂലം കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതുകൊണ്ടാണ് 36 കിലോമീറ്റർ അകലെയായി ഈ പുതിയ വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്.

Latest News