ഇന്ത്യയിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്‌നി+ ഹോട്ട്സ്‌റ്റാർ, പാസ്‌വേഡ് പങ്കിടൽ പരിമിതപ്പെടുത്താൻ ഒരുങ്ങുന്നു. നാല് ഉപകരണങ്ങളിൽ നിന്ന് മാത്രം പ്രീമിയം ഉപഭോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ അനുവദിക്കുന്ന നയമാണ് ഡിസ്‌നി+ ഹോട്ട്സ്‌റ്റാറും സ്വീകരിക്കാൻ ഒരുങ്ങുന്നത്. പാസ്‌വേഡ് പങ്കിടൽ നെറ്റ്ഫ്ലിക്സ് പരിമിതപ്പെടുത്തിയതിനു പിന്നാലെയാണ് ഡിസ്‌നി+ ഹോട്ട്സ്‌റ്റാറും ഇതേ നയത്തിലേക്ക് മാറുന്നത്.
പ്രീമിയം ഡിസ്‌നി+ ഹോട്ട്‌സ്‌റ്റാർ അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ ഷെയറിംഗ് പരിധി നാല് ആണെങ്കിലും 10 ഉപകരണങ്ങളിൽ വരെ ലോഗിൻ ചെയ്യാൻ പ്ലാറ്റ്ഫോം അനുവദിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നാല് ഉപകരണങ്ങളിലേക്ക് മാത്രം ലോഗിൻ പരിമിതപ്പെടുത്താൻ പ്ലാറ്റ് ഫോം തീരുമാനിച്ചത്. സേവനം മറ്റുള്ളവരുമായി പങ്കിടുന്നതിന് അധിക പേയ്‌മെന്റ് ആവശ്യമാണെന്ന് കമ്പനി വരിക്കാരെ അറിയിച്ചിട്ടുളളതായാണ് വിവരം.
പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നാൽ ഉപയോക്താക്കളെ സ്വന്തം നിലയ്ക്ക് സബ്‌സ്‌ക്രിപ്‌ഷനുകൾ വാങ്ങാൻ പ്രേരിപ്പിക്കുമെന്നും കമ്പനി കരുതുന്നു. പാസ്‌വേഡ് പങ്കിടൽ പരിമിതപ്പെടുത്തിയതോടെ കൂടുതൽ സബസ്ക്രിപ്ഷനുൾ നെറ്റ്ഫ്ലിക്സിനു വന്നതും പുതിയ നയത്തിലേക്ക് മാറാൻ ഡിസ്‌നി+ ഹോട്ട്സ്‌റ്റാറിനെ പ്രേരിപ്പിക്കുന്നുണ്ട്.