Tuesday, November 26, 2024

‘വിക്ടറി ഡേ’ അനുസ്മരണത്തില്‍ കിം ജോങ് ഉന്നിനൊപ്പം വേദി പങ്കിട്ട് റഷ്യന്‍ – ചൈനീസ് പ്രതിനിധികള്‍

‘വിക്ടറി ഡേ’ അനുസ്മരണത്തിന്റെ ഭാഗമായി ആണവായുധ ശേഷിയുള്ള മിസൈലുകള്‍ അണിനിരത്തി ഉത്തര കൊറിയയില്‍ സൈനിക പരേഡ്. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി നിരോധിച്ച ആണവ മിസൈലുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു പരേഡ്. ചടങ്ങില്‍ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനൊപ്പം റഷ്യന്‍ – ചൈനീസ് പ്രതിനിധികളും വേദി പങ്കിട്ടു.

കൊറിയന്‍ യുദ്ധം അവസാനിച്ചതിന്റെ എഴുപതാം വാര്‍ഷിക അനുസ്മരണത്തിന്റെ ഭാഗമായി തലസ്ഥാനമായ പ്യോങ്ങ്‌യാങിലാണ് സൈനിക പരേഡ് സംഘടിപ്പിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം ലി ഹോങ്ഷോങ്, റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു എന്നിവര്‍ക്കൊപ്പം കിം ജോങ് ഉന്‍ വ്യാഴാഴ്ച രാത്രിയാണ് പരേഡിന് സാക്ഷ്യം വഹിച്ചത്. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും പരേഡില്‍ പങ്കെടുക്കാനായെത്തിയ പ്രതിനിധിസംഘം, കോവിഡ്-19 മഹാമാരിക്കുശേഷം ഉത്തര കൊറിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഉന്നതതല വിദേശ പ്രതിനിധിസംഘമാണ്.

ഉത്തര കൊറിയയുടെ ആണവായുധ – ബാലസ്റ്റിക് മിസൈല്‍ പദ്ധതികളോട് നേരത്തെ മോസ്‌കോയും ബെയ്ജിംഗും അകലം പാലിച്ചിരുന്നു. ഈ നിലപാടിനു വിരുദ്ധമായി ഇരുരാജ്യങ്ങളും പരേഡില്‍ പങ്കെടുത്തത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അമേരിക്കയിലെവിടെയുമെത്താന്‍ ശേഷിയുള്ള ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര മിസൈലുകളായ ഹ്വാസോംഗ്-17, ഹ്വാസോംഗ്-18 എന്നിവയും പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍

Latest News