ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭീകരസംഘടനയായ അൽ-ഖ്വയ്ദ വേരുറപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി യുഎൻ റിപ്പോർട്ട്. യുഎൻ സുരക്ഷാ കൗൺസിലിന്റെ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാൻക്ഷൻസ് മോണിറ്റിംഗ് ടീം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇതിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ജമ്മു-കശ്മീർ, ബംഗ്ലാദേശ്,മ്യാന്മാർ എന്നിവടങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് അൽ-ഖ്വയ്ദയുടെ പദ്ധതി. സുരക്ഷാസേനയുടെ കണ്ണില്‍പെടാതിരിക്കാന്‍ ഉപസംഘടനകൾ രൂപികരിച്ച് ആളുകളെ റിക്രൂട്ട് ചെയ്യാനും വിവിധ മേഖലകളില്‍ ഭീകരത വളർത്താൻ ഈ സംഘടനകളെ ഉപയോഗിക്കാനുമാണ് അൽ -ഖ്വയ്ദയുടെ നീക്കം. അൽ-ഖ്വയ്ദയുടെ ചില ഘടകങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് ഖൊറാസാനിൽ ചേരാനും സഹകരിക്കാനും തയാറായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഏകദേശം 2000-ഓളം പേര്‍ അൽ-ഖ്വയ്ദയ്ക്കുവേണ്ടി അഫ്ഗാനിസ്ഥാനിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. അഫ്ഗാനിസ്ഥാനിൽ 30 മുതൽ 60 വരെ അംഗങ്ങളുള്ള കോർ ഗ്രൂപ്പായാണ് ഇവരുടെ പ്രവർത്തനം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏകദേശം 200 പോരാളികളുണ്ടെന്നും അനലറ്റിക്കൽ സപ്പോർട്ട് ആൻഡ് സാൻക്ഷൻസ് മോണിറ്റിംഗ് ടീമിന്റെ 32-ാമത് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് ഖൊറാസാനിൽ മൊത്തം 4,000 മുതൽ 6,000 വരെ അംഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ഇരട്ടിയാക്കാനും ഭീകരർ ലക്ഷ്യമിടുന്നുണ്ട്.