Saturday, January 25, 2025

സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രങ്ങള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു: ഐഎസ്ആർഒ

സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രങ്ങളുമായി ഐഎസ്ആർഒ പിഎസ്എൽവി സി – 56 വിക്ഷേപിച്ചു. വാണിജ്യദൗത്യത്തിന്റെ ഭാഗമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 6.30നായിരുന്നു വിക്ഷേപണം. ദൗത്യം വിജയിച്ചതായി ഐഎസ്ആർഒ അറിയിച്ചു.

ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്‌പെയ്‌സ് ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു വിക്ഷേപണം. ഉപഗ്രഹവും വഹിച്ചുള്ള പേടകം വിക്ഷേപിച്ച് ഇരുപത്തിയൊന്ന് മിനുട്ട് പിന്നിട്ടപ്പോൾ പ്രധാന ഉപഗ്രഹമായ ഡിഎസ്–എസ്എആർ ഉം ഇരുപത്തിനാല് മിനുട്ട് പിന്നിട്ടപ്പോള്‍ അവസാന ചെറു ഉപഗ്രഹവും വേർപ്പെടുകയും വിജയകരമായി ഉപഗ്രഹങ്ങളെ അവയുടെ ഭ്രമണപഥത്തിലെത്തിക്കാനായതായും ഐഎസ്ആർഒ വ്യക്തമാക്കി. സിംഗപ്പൂർ ഡിഫൻസ് സ്‌പേസ് ആൻഡ് ടെക്‌നോളജി ഏജൻസിയുടെ ഡിഎസ്–എസ്എആർ ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്. 352 കിലോഗ്രാം ആണ് ഇതിന്റെ ഭാരം. സിംഗപ്പൂരിലെ വിവിധ സർക്കാർ ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും സുഗമമായ പ്രവർത്തനത്തിനും വേണ്ടിയാണ് ഈ ഉപഗ്രഹം.

മറ്റ് ഉപഗ്രഹങ്ങളിൽ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റലൈറ്റുകളുമാണ്. 24 കിലോഗ്രാം ഭാരമുള്ള ആർക്കേ‍ഡ്, 23 കിലോഗ്രാം ഭാരമുള്ള വെലോക്സ് എഎം, നാല് കിലോഗ്രാം മാത്രം ഭാരമുള്ള സ്കൂബ് ടു, എന്നീ ഉപഗ്രഹങ്ങൾ സിംഗപ്പൂർ സാങ്കേതിക സർവകലാശാലയുടേതാണ്. സിംഗപ്പൂർ ദേശീയ സർവകലാശാലയുടേതാണ് ഗലാസിയ രണ്ട് എന്ന ഉപഗ്രഹം.

Latest News